m

പാലാ: 'എന്നാലും ഇത്ര പെട്ടെന്ന് ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ഓർത്തില്ല. അടുത്തയാഴ്ച ആദ്യം പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നൂ ഞങ്ങളുടെ പ്രതീക്ഷ..... നാളെ മുതൽ കൂടുതൽ സജീവമാകണം ....' കേരള കോൺഗ്രസ്. എം. നേതാവും, ജോസ്.കെ.മാണിയുടെ ഏറെ അടുപ്പക്കാരനുമായ ബൈജു കൊല്ലം പറമ്പനാണ് തിരഞ്ഞെടുപ്പ് 'വർത്തമാനത്തിന് ' തുടക്കമിട്ടത്.

'ഞങ്ങളൊക്കെ, എപ്പോഴേ വർക്ക് തുടങ്ങി. മണ്ഡലത്തിന്റെ മുക്കും മൂലയും പലവട്ടം കയറിയിറങ്ങി. ഇനിയല്ലേ ഞങ്ങടെ പൊടിപൂരം' ഇടതു മുന്നണി നേതാക്കളായ കാണക്കാരി അരവിന്ദാക്ഷനും ബെന്നി മൈലാടൂരും വിട്ടുകൊടുത്തില്ല. പോരെങ്കിൽ ഇരുവരും പാലായിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കരുതുന്ന മാണി.സി. കാപ്പന്റെ മന:സാക്ഷി സൂക്ഷിപ്പുകാരും.

' ഇത്തവണ ചിത്രം മാറും. ഇവിടെ ഞങ്ങളുടെ ശക്തി എന്താണെന്ന് നിങ്ങൾ രണ്ടു കൂട്ടരും മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ. കാണാൻ പോകുന്ന പൂരം പറഞ്ഞിയിക്കേണ്ടതില്ലല്ലോ..... ' എൻ.ഡി.എ. നേതാവ് സോമശേഖരൻ തച്ചേട്ടിന്റെ വാക്കുകളിൽ വല്ലാത്ത ആത്മവിശ്വാസം.

ഇടതിന്റേയും വലതിന്റേയും എൻ.ഡി.എ.യുടെയും നേതാക്കൾ തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്ന 'മീനച്ചിൽ ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ ' പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന സിൽവർ ജൂബിലി ആഘോഷ വേദിയാണ് സംഘാടകരുടെ തിരഞ്ഞെടുപ്പ് സൗഹൃദ വർത്തമാനത്തിന് വേദിയായത്.

സൊസൈറ്റിയുടെ ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിയുന്നതിനു മണിക്കൂറുകൾക്കു മുന്നേയാണ് പാലാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ വാർത്ത വന്നത്. ഇതോടെ ഉദ്ഘാടന വേദിയിൽ ആദ്യമെത്തിയ സംഘാടകർ തമ്മിൽ ആദ്യം നടന്നത് തിരഞ്ഞെടുപ്പിന്റെ ചർച്ച തന്നെ.

'നിഷയോ, ഫിലിപ്പ് കുഴികുളമോ, അതോ സാക്ഷാൽ ജോസ്. കെ.മാണിയോ ....? ആരാ , നിങ്ങളുടെ സ്ഥാനാർത്ഥിയെന്നെങ്കിലും പറ ബൈജൂ .... എന്നിട്ടല്ലേ പ്രചരണം ' കൊല്ലം പറമ്പിനിട്ട് കിട്ടിയ വേളയിൽ കൊട്ടു കൊടുത്തു മൈലാടൂരാൻ.

'ആരായാലെന്നാ, ജയിച്ചാൽ പോരെ ....? എന്തായാലും നിങ്ങളും കൂടി ഞങ്ങൾക്ക് വോട്ടു ചെയ്യുന്ന സ്ഥാനാർത്ഥിയാവും ഞങ്ങൾക്ക്... ഇപ്പോ അത്രയും മാത്രം വെളിപ്പെടുത്താം.'
ബൈജൂവിന്റെ മറുപടി കേട്ട് സദസ്സിൽ കക്ഷിഭേദമില്ലാത്ത പൊട്ടിച്ചിരി.

'വിശ്വാസം സംരക്ഷിക്കുന്നവരെ ഞങ്ങൾ പിന്തുണയ്ക്കും. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല.' ഹിന്ദു ഐക്യവേദി നേതാക്കളായ അഡ്വ. രാജേഷ് പല്ലാട്ടും, കെ.കെ. രാജൻ ജി യും നയം വ്യക്തമാക്കി.

'നമ്മൾ പല രാഷ്ട്രീയക്കാർ, സമുദായക്കാർ, പക്ഷേ നമ്മുടെ ചോരയ്‌ക്കൊരേ നിറം, അതു കൊണ്ടു നമുക്ക് കൈ കൊടുത്തു നീങ്ങാം ....' പ്രമുഖ രക്തദാതാവും രക്തദാനസേനാ കൺവീനറുമായ ഷിബു തെക്കേ മറ്റത്തിന്റെ വാക്കുകളോടെ നേതാക്കൾ ചർച്ച തീർത്ത് കൈ കൊടുത്തു.
നേതാക്കളായ അഡ്വ. തോമസ് ഔസേപ്പറമ്പിൽ , കെ.കെ. ശാന്താറാം , ഉണ്ണികുളപ്പുറം, രാഹുൽ പി.എൻ. ആർ. എന്നിവരും സൗഹൃദ ചർച്ചയുടെ അകമ്പടിക്കാരായി. വേദിയിൽ സൊസൈറ്റി സിൽവർ ജൂബിലി ഉദ്ഘാടന സമ്മേളനത്തിന്റെ അനൗൺസ്‌മെന്റ് മുഴങ്ങി; എല്ലാവരും വേദിയിലേക്ക്.