കോട്ടയം : പച്ചക്കറികടയിൽ നിന്ന് സാധനം വാങ്ങുന്നതിനിടയിൽ 'ചേട്ടാ ഇത്തിരി ഇഞ്ചിയിട്ടേക്ക് ' എന്ന് പറയാൻ വരട്ടെ. ആദ്യം വില തിരക്കിയിട്ടുമതി ഈ ഡയലോഗ്. ഓരോ ദിവസം ചെല്ലുന്തോറും ഇഞ്ചിയുടെ വില ഉയരുകയാണ്. ചില്ലറവിപണിയിൽ ഇഞ്ചിയുടെ ഇന്നലത്തെ വില കിലോഗ്രാമിന് 320 രൂപയാണ്. മൊത്തവിപണിയിൽ 250 രൂപയും. അഞ്ച് മാസം മുമ്പ് വരെ കിലോയ്ക്ക് 60 രൂപയായിരുന്ന ഇഞ്ചിവിലയാണ് റോക്കറ്റിലേറി പായുന്നത്.

പ്രളയത്തിൽ ഇഞ്ചി കൃഷിക്ക് ഉണ്ടായ കനത്തനാശമാണ് വില ഉയരാൻ കാരണം. വയനാട്ടിലെയും ഇടുക്കിയിലെയും ഇഞ്ചി കൃഷി ഇത്തവണത്തെ പ്രളയത്തിൽ വെള്ളത്തിലായെന്നാണ് വ്യാപാരികൾ പറയുന്നത്. ഒാണം അടുക്കുംന്തോറും ഇഞ്ചിയുടെ വില ഉയരുന്നത് വീട്ടമ്മമാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. കാരണം ഇഞ്ചിക്കറിയില്ലാത്ത ഓണസദ്യയെപ്പറ്റി ചിന്തിക്കാനാകില്ല. പക്ഷേ, ഇങ്ങനെ പോയാൽ ഇഞ്ചിക്കറി തൂശനിലയിൽ വിളമ്പണമെങ്കിൽ പോക്കറ്റ് കീറും. എന്നാൽ, പ്രളയം മറ്റ് പച്ചക്കറികളുടെ വിലയെ കാര്യമായി ബാധിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ചയിലെ അതേ വിലയാണ് ഇപ്പോഴും.

വിലക്കയറ്റത്തിന് കാരണം

 പ്രളയത്തിൽ കൃഷി നശിച്ചതിനൊപ്പം ഇതര സംസ്ഥാനങ്ങളിൽ ഉത്പാദനം കുറഞ്ഞു

 വരൾച്ച കാരണം മിക്ക സ്ഥലങ്ങളിലും ഇഞ്ചി കൃഷി ഇല്ലാതായി.

 മൈസൂർ ,കുടക്,കർണാടക,വയനാട് എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് ഇഞ്ചി എത്തിയിരുന്നത്.

 ഇപ്പോൾ കർണാടകയിൽ നിന്ന് മാത്രമാണ് വരവ്.

ഹോട്ടലുകാർക്ക് പ്രിയം കുഴന്പ്

ചില്ലറ വ്യാപാരികൾ തോന്നിയ വിലയ്ക്കാണ് ഇഞ്ചി വിൽക്കുന്നത്. ഒരാഴ്ച മുമ്പ് വരെ 250 മുതൽ 260 രൂപയായിരുന്നു വില. ഇഞ്ചിക്ക് ക്ഷാമമായതോടെ മൂപ്പെത്താത്ത ഇളഇഞ്ചി വ്യാപകമായി വിപണിയിലെത്തി. ഈ ഇളഇഞ്ചി അച്ചാർ ഇട്ടാൽ സ്വാദ് കുറയും. ഇളഇഞ്ചിക്ക് 260 രൂപയാണ് ചില്ലറ വിപണിയിൽ കിലോയ്ക്ക് വില. വരുംദിവസങ്ങളിൽ വില ഇനിയും ഉയരാനാണ് സാദ്ധ്യതയെന്നാണ് വ്യാപാരികൾ പറയുന്നത്. വീട്ടാവശ്യത്തിന് ഇഞ്ചിയുടെ ഉപയോഗം കുറവാണെങ്കിലും ഹോട്ടലുകളിൽ അത്യാവശ്യമാണ് ഇഞ്ചി. ഇഞ്ചി വില ഉയർന്നതോടെ പായ്ക്കറ്റിൽ വരുന്ന ഇഞ്ചി പേസ്റ്റിലേക്ക് ചുവട് മാറ്റിയിരിക്കുകയാണ് ഹോട്ടൽ വ്യാപാരികൾ.

'' പ്രളയം കേരളത്തിലെ പച്ചക്കറി കൃഷിയെ ബാധിച്ചു. ഇത് ഒാണത്തിന് വില ഉയരാൻ ഇടയാക്കും. ഇഞ്ചി ക്ഷാമം കാര്യമായി ബാധിക്കും. ഒാണസമയത്ത് ഇഞ്ചി കിട്ടുമോയെന്ന ആശങ്കയുണ്ട്. രണ്ട് ദിവസമായി ഇളഇഞ്ചിയാണ് കൂടുതൽ വരുന്നത്.

ഫസലുദിൻ, പ്രസിഡന്റ്, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ അസോസിയേഷൻ