kurichi

ചങ്ങനാശേരി : കുറിച്ചി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന സാംസ്‌കാരിക നിലയത്തിന്റെ സംസ്‌കാരം എന്നാണന്ന് നാട്ടുകാർ ചോദിക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ ആസ്തി സംരക്ഷിക്കുന്നതിൽ പഞ്ചായത്ത് അധികാരികൾ കാട്ടുന്ന നിസംഗതക്കെതിരെയുള്ള ജനരോക്ഷമാണിത്. സാംസ്‌കാരിക നിലയമെന്ന നിലയിൽ കഴിഞ്ഞ വർഷം വരെ ഈ കെട്ടിടത്തിൽ പല സന്നദ്ധസംഘടനകളും യോഗവും മറ്റും നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ മേൽക്കൂരയിലെ ഷീറ്റ് പൂർണ്ണമായും ദ്രവിച്ച് നശിച്ചതോടെ മഴ പെയ്താൽ ഒരു തുള്ളിപോലും പുറത്ത് പോകാത്ത അവസ്ഥയായി. കെട്ടിടത്തിന്റെ ഭിത്തികളിൽ പായലും പുല്ലും വളർന്നിറങ്ങിയ നിലയിലാണ്. അഞ്ചുവർഷം മുന്പ് പഞ്ചായത്തിൽ നടപ്പിലാക്കിയ ജലനിധി പദ്ധതിയുടെ ബി.ജി ഫെഡറേഷന്റെ ഓഫീസ് ഈ കെട്ടിടത്തിലാണ് പ്രവർത്തിച്ചുവന്നത്. എന്നാൽ ഓഫീസിന്റെ പ്രവർത്തനം ഏതാണ്ട് പൂർണ്ണമായി നിലച്ചതോടുകൂടി കെട്ടിടത്തിലെ ആൾപ്പെരുമാറ്റവും ഇല്ലാതായി. ഇപ്പോൾ പെരുമാറുന്നത് ഇഴജന്തുക്കളും തെരുവുനായ്ക്കളുമാണ്.

സാംസ്‌കാരിക നിലയത്തിന്റെ കെട്ടിട വളപ്പിൽ പ്രവർത്തിച്ചുവന്നിരുന്ന അംഗൻവാടിയും ക്ലബ്ബും ഇല്ലാതായതോടുകൂടി പരിസരം പൂർണ്ണമായി കാടുകയറി. സാംസ്‌കാരിക നിലയം സംരക്ഷിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് എല്ലാവർഷവും ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും തുച്ഛമായ തുകയ്ക്ക് കരാർ ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം.

എന്തായാലും, സാംസ്‌കാരിക നിലയത്തിന്റെ കാര്യത്തിൽ നിസ്സംഗതപുലർത്തുന്ന കുറിച്ചി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കാൻ സി.പി.എം കുറിച്ചി ലോക്കൽ കമ്മിറ്റി ഒരുങ്ങുകയാണ്.