ചങ്ങനാശേരി : ഒരു എ.ടി.എം കൗണ്ടർ. ഇത് ഇത്തിത്താനത്തിന്റെ ആവശ്യമാണ്. ഇത്തിത്താനം ചാലച്ചിറയിൽ ഏതെങ്കിലുമൊരു ബാങ്കിന്റെ എ.ടി.എം സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്. നിലവിൽ ഇത്തിത്താനം നിവാസികൾക്ക് എടിഎം സൗകര്യം ലഭ്യമാകണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് ഔട്ട്‌പോസ്റ്റിലോ കുരിശുംമൂട്ടിലോ പാത്താമുട്ടത്തോ ചിങ്ങവനത്തോ തുരുത്തിയിലോ എത്തേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്.
സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചവരുടെയും ക്ഷേമപെൻഷന് അർഹതയുള്ളവരുടെയും പെൻഷൻ തുക ബാങ്ക് അക്കൗണ്ടുകളിലാണ് എത്തുന്നത്. പ്രായത്തിന്റെ അവശതകളുള്ള ഇവർക്ക് ബാങ്കിൽ നിന്നോ എടിഎം സെന്ററുകളിൽനിന്നോ പണം പിൻവലിക്കണമെങ്കിൽ വാഹനകൂലിയായി ഓരോ പ്രാവശ്യവും അൻപത് മുതൽ നൂറുരൂപവരെ ചെലവാകുന്നുണ്ട്. അതല്ലെങ്കിൽ പണം പിൻവലിക്കുന്നതിന് മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലും.
വയോജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ചാലച്ചിറയിൽ എടിഎം കൗണ്ടർ സ്ഥാപിക്കണമെന്ന ആവശ്യവുമായി ഇത്തിത്താനം വികസനസമിതിയും രംഗത്തെത്തിയിട്ടുണ്ട്.