ചങ്ങനാശേരി : നഗരത്തിന്റെ മുഖമുദ്രയായിരുന്ന റവന്യു ടവർ ഇന്ന് മാലിന്യക്കുപ്പയ്ക്കു സമാനമായിരിക്കുകയാണ്. മൂക്ക് പൊത്താതെ ഇവിടേയ്ക്ക് പ്രവേശിക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. വിവിധ സർക്കാർ ഓഫീസുകൾ ഒരു മേൽക്കൂരയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന റവന്യുടവറിൽ പ്രാഥമികആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത സ്ഥിതിയാണ്.
ടവറിലെ ഗ്രൗണ്ട് ഫ്ലോറിലെ സ്ത്രീകളുടെ ടോയ്‌ലെറ്റ് അടച്ചിട്ടു ആറ് മാസം കഴിഞ്ഞു. പുരുഷൻമാരുടെ ടോയ്‌ലെറ്റിലേക്ക് പ്രവേശിക്കാൻ കഴിയാതെ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ ടവറിലെ മൂന്നാം നിലയിലെ ടോയ്‌ലെറ്റുകളിലേക്ക് ഓടണം. പൈപ്പിൽ വെള്ളമുണ്ടെങ്കിലും ടാപ്പ് ഉപയോഗിക്കാൻ കഴിയില്ല. ഭക്ഷണം കഴിച്ചാൽ കൈകഴുകാൻ കുപ്പിവെള്ളത്തെ ആശ്രയിക്കണം. മഴപെയ്താൽ ടവറിനുള്ളിൽ വെള്ളക്കെട്ടാകും. ടവറിനുള്ളിലെ വിവിധ കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ഭാഗത്തെ മേൽക്കൂര ഗ്ലാസ് കൊണ്ട് നിർമിച്ചതാണ്. ഗ്ലാസ് മേൽക്കൂരയിലെ ചോർച്ച മൂലം ഇവിടെനിന്നുവീഴുന്ന വെള്ളമാണ് ടവറിനുള്ളിൽ കെട്ടിക്കിടക്കുന്നത്.
ആധുനിക രീതിയിൽ എല്ലാവിധ സൗകര്യങ്ങളോടെ നിർമിച്ച ടവറാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്. റവന്യൂ ടവറിന്റെ ഫയർ എക്‌സിസ്റ്റിംഗ് ക്യൂഷറുകൾ കാലാവധി കഴിഞ്ഞതാണ്. മൂന്ന് ലിഫ്‌റ്റുകൾ ഉണ്ടെങ്കിലും ഇപ്പോൾ ഒരെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്ത വാഹനങ്ങൾ ഇവിടെ അലക്ഷ്യമായാണ് കൂടിക്കിടക്കുന്നു.
ടവറിന് മുകളിലും താഴെയുമായി ജലസംഭരണി സ്ഥാപിച്ചിട്ടുണ്ടെങ്കിലും മഴവെള്ള സംഭരണിയിൽ വെള്ളം ഫിൽറ്റർ ചെയ്യുന്നതിന് സംവിധാനമില്ല. വെള്ളം പമ്പുചെയ്ത് സംഭരിക്കുന്നതിനും പ്ലമ്പിംഗ് ജോലികൾ ചെയ്യുന്നതിനും ജീവനക്കാരനില്ലാത്തതാണ് പ്രധാന പ്രശ്‌നം. കുന്നുകൂടിക്കിടക്കുന്ന ചപ്പുചവറുകളും ഭക്ഷണപൊതികളുടെ അവശിഷ്ടങ്ങളും ചീഞ്ഞളിഞ്ഞു. പരിസരമാകെ കാടുകയറി കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. രാത്രിയിലും അവധി ദിവസങ്ങളിലും ഇവിടെ സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്നതായും ആക്ഷേപമുണ്ട്.