കോട്ടയം: പാലായിൽ യു.ഡി.എഫിന് പൊതു സമ്മതനായ സ്ഥാനാർത്ഥി വേണമെന്ന തന്ത്രം പ്രയോഗിച്ച് ജോസ് വിഭാഗത്തെ വരുതിയിലാക്കാനുള്ള ശ്രമം ജോസഫ് മുറുക്കി. നിഷ ജോസ് കെ. മാണിയുടെ പേര് ജോസ് വിഭാഗം പ്രചരിപ്പിക്കുമ്പോൾ പൊതു സമ്മതനെന്ന നിലയിൽ കെ.എം. മാണിക്കൊപ്പം പ്രവർത്തന പാരമ്പര്യമുള്ള സീനിയർ നേതാവ് ഇ.ജെ. അഗസ്തിയുടെ പേരാണ് ജോസഫ് ഉയർത്തിക്കാട്ടുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനുള്ള മാണി ഗ്രൂപ്പ് തീരുമാനത്തെയും യു.ഡി.എഫ് വിടുന്നതിനെയും എതിർത്ത അഗസ്തി കോൺഗ്രസ് നേതാക്കൾക്കും സമ്മതനാണ്. ഇത് മുന്നിൽ കണ്ടാണ് ജോസഫിന്റെ നീക്കം. ഇതുവഴി നിഷയെ വെട്ടാനുമാകും. ചെയർമാനായി തിരഞ്ഞെടുക്കുന്നതിന് ജോസിന്റെ പേര് നിർദ്ദേശിച്ച അഗസ്തി കഴിഞ്ഞ ദിവസം ജോസ് വിഭാഗം വിളിച്ച സ്റ്റിയറിംഗ് കമ്മിറ്റിയിൽ പക്ഷേ പങ്കെടുത്തിരുന്നില്ല. അഗസ്തിയുടെ ഈ മനംമാറ്റം കൂടി ഉൾക്കൊണ്ടാണ് ജോസഫിന്റെ കളി.
തന്റെ ചെയർമാൻ സ്ഥാനം അംഗീകരിച്ചാൽ ജോസ് പറയുന്ന ആരെയും സ്ഥാനാർത്ഥിയാക്കാമെന്ന തന്ത്രമാണ് ജോസഫ് പയറ്റുന്നത്.
അതേസമയം, ജോസ് വിഭാഗമാകട്ടെ കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ജോസഫിന്റെ വിപ്പ് പൊളിച്ച തന്ത്രം നിയമസഭാ തിരഞ്ഞെടുപ്പിലും നടപ്പാക്കാനുള്ള നീക്കത്തിലാണ്. പാലായിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഒരു ആശങ്കയുമില്ലെന്നും, സ്റ്റിയറിംഗ് കമ്മിറ്റി ജോസിനെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കിയത് ഇതിന്റെ ഭാഗമാണ്.