waste

കോട്ടയം: കനത്ത മഴയിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ടിനൊപ്പം മാലിന്യങ്ങളും നിറയുന്നത് നഗരത്തെ രോഗഭീഷണിയിലാക്കുന്നു. നഗരത്തിലെ മാലിന്യ സംസ്‌കരണ മാർഗങ്ങൾ നിലച്ചതാണ് സ്ഥിതി ഗുരുതരമാക്കിയത്. തിരുനക്കര ബി.എസ്.എൻ.എൽ ഓഫിസിനു പിന്നിലെ റോഡിലും, കോടിമത എം.ജി റോഡിലും അടക്കം വൻ തോതിൽ കോഴിക്കടകളിൽ നിന്നടക്കം മാലിന്യങ്ങൾ തള്ളുന്നുണ്ട്. വാഹനങ്ങളിൽ എത്തുന്ന ആളുകൾ മാലിന്യങ്ങൾ പ്ലാസ്റ്റിക്ക് കവറുകളിലാക്കി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ തള്ളുകയാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനോ നടപടിയെടുക്കുന്നതിനോ നഗരസഭയ്‌ക്ക് നിലവിൽ സംവിധാനങ്ങൾ ഒന്നുമില്ല. രാത്രി കാലങ്ങളിൽ നഗരസഭ ഉദ്യോഗസ്ഥരുടെ സ്‌ക്വാഡുകൾ പരിശോധനയ്‌ക്കായി കറങ്ങുന്നുണ്ടെങ്കിലും പലപ്പോഴും ശക്തമായ നടപടികൾ ഒന്നും ഉണ്ടാകാറില്ല. ഇടയ്‌ക്കിടെ ഒന്നോ രണ്ടോ വാഹനങ്ങൾ പിടികൂടുന്നതിലും, പിഴ ഈടാക്കുന്നതിലും നടപടികൾ ഒതുങ്ങുകയാണ്.

നഗരത്തിൽ പ്ലാസ്റ്റിക്ക് കവറുകളിൽ കെട്ടി തള്ളുന്ന മാലിന്യം നഗരസഭ എടുത്ത ശേഷം നാഗമ്പടം മൈതനാനത്ത് കൊണ്ട് തള്ളുകയാണ് ചെയ്യുന്നത്. ശാസ്ത്രീയമായി മാലിന്യം സംസ്‌കരിക്കുന്നതിനുള്ള മാർഗങ്ങളൊന്നും നിലവിൽ കോട്ടയം നഗരസഭയിൽ ഇല്ല.

കോടിമത പച്ചക്കറി മാർക്കറ്റിൽ നേരത്തെ മാലിന്യ സംസ്‌കരണത്തിനായി ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിരുന്നെങ്കിലും ആറു വർഷത്തിലേറെയായി പ്ലാന്റ് പ്രവർത്തിക്കുന്നില്ല. കോടിമത ബസ് സ്റ്റാൻഡിലും, നാഗമ്പടം മൈതാനത്തും സ്ഥാപിച്ച രണ്ട് ബയോഗ്യാസ് പ്ലാന്റുകളും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഇടക്കാലത്ത് ആരംഭിച്ച തുമ്പൂർ മുഴി മോഡൽ മാലിന്യ സംസ്‌കരണ സംവിധാനമാകട്ടെ ഒന്നോ രണ്ടോ ഇടത്ത് മാത്രം ഒതുങ്ങുകയും ചെയ്‌തു.