കോട്ടയം: വില്ലേജ് ഓഫീസിലെ രേഖകളെല്ലാം ഓൺലൈനാക്കിയപ്പോഴുണ്ടായ ചെറിയ പിഴവുകൾക്ക് ജനം നൽകുന്നത് വലിയ വില. രേഖകളിലെ ചെറിയ പിഴവ് പോലും എഡിറ്റ് ചെയ്യാനുള്ള സംവിധാനം വില്ലേജ് ഓഫീസുകളിലില്ലാത്തതാണ് സാധാരണക്കാരെ വലയ്‌ക്കുന്നത്. ഈ പിഴവുകൾ തിരുത്താൻ നിലവിൽ താലൂക്ക് ഓഫീസുകളിലെ ഐ.ടി സെല്ലിന് മാത്രമാണ് കഴിയുക. പ്രശ്‌നം പരിഹരിക്കാനായി രണ്ടും മൂന്നും ദിവസം പലപ്പോഴും വേണ്ടി വരും.
രണ്ടു വർഷം മുൻപാണ് ജില്ലയിലെ വില്ലേജ് ഓഫീസുകൾ സമ്പൂർണമായും കമ്പ്യൂട്ടർവത്കരിച്ചത്. ചുരുക്കം ചില അപേക്ഷകൾ ഒഴികെ ബാക്കിയെല്ലാം ഓൺലൈനിലാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ആറു മാസത്തോളം എടുത്താണ് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലെയും രേഖകൾ കമ്പ്യൂട്ടർവത്കരിച്ചത്. എന്നാൽ, ഈ രേഖകൾ കമ്പ്യൂട്ടറിലാക്കിയപ്പോഴുണ്ടായ പിഴവുകളാണ് സാധാരണക്കാരെ ഏറെ വലയ്‌ക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിൽ എത്തുമ്പോഴാകും പലപ്പോഴും അപേക്ഷകർക്ക് പിഴവ് പിടികിട്ടുക. എന്നാൽ, ഈ പിഴവ് തിരുത്തി കരം അടയ്‌ക്കുന്നതിനായി വില്ലേജ് ഓഫീസർമാർക്ക് അധികാരം നൽകിയിട്ടില്ല.
വാദം:
വില്ലേജ് ഓഫീസുകളിൽ എഡിറ്റിംഗ് ഒാപ്ഷൻ നൽകിയാൽ അത് തട്ടിപ്പിന് ഇടയാക്കുമെന്നും അത് കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നുമാണ് അധികൃതർ പറയുന്ന ന്യായം.
മറുവാദം:
ഏത് ഐ.പി വിലാസത്തിൽ നിന്ന് ആര് തിരുത്തൽ വരുത്തിയാലും കണ്ടെത്താം.
ലോഗിൻ ചെയ്യാനുള്ള അധികാരം വില്ലേജ് ഓഫീസർമാർക്ക് മാത്രം നൽകിയാൽ മതിയാവും.
പുന:പരിശോധിക്കും
വില്ലേജ് ഓഫീസുകളിൽ ക്രമക്കേട് ഉണ്ടാകുന്നത് ഒഴിവാക്കാനാണ് എഡിറ്റിംഗ് ഓപ്ഷൻ ഒഴിവാക്കിയത്. പരാതി ഉയർന്ന സാഹചര്യത്തിൽ ഇതു പുന:പരിശോധിക്കും.
പി.ജി രാജേന്ദ്രബാബു,
തഹസീൽദാർ, കോട്ടയം