പാലാ : വിശ്വാസികളേയും വിശ്വാസങ്ങളേയും ഇടതുമുന്നണിയും സി.പി.എമ്മും ഒരിക്കലും തള്ളിപ്പറയില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കരുണാമയനായ ദൈവത്തെ വാഴ്ത്തിക്കൊണ്ട് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഗാനാലാപനം. ''കുറിവരച്ചാലും, കുരിശുവരച്ചാലും കുമ്പിന്ന് നിസ്‌കരിച്ചാലും കാണുന്നതുമൊന്ന്, കേൾക്കുന്നതുമൊന്ന്, കരുണാമയനാം ദൈവമൊന്ന്.....''. മധുരമായി മന്ത്രി 'മൗനം" സിനിമയിലെ ഗാനം ആലപിച്ചപ്പോൾ സദസ് ഒന്നടങ്കം കൈയടിച്ചു. മീനച്ചിൽ ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ എത്തിയതാണ് മന്ത്രി. പ്രസംഗത്തിന് മുൻപ് താനൊരു ഗാനമാലപിക്കുകയാണെന്ന് സദസിനോട് പറഞ്ഞു.
''ഇതുകേൾക്കുമ്പോൾ എന്റെ പാട്ടിന്റെ കഴിവ് നിങ്ങൾക്ക് ബോദ്ധ്യപ്പെടും. ഒരു മനോഹരമായ ഗാനം ഇത്രയും മോശമായി പാടാൻ പറ്റുമോയെന്ന് നിങ്ങൾ ചിന്തിച്ചേക്കാം.'' ആമുഖമായി പറഞ്ഞു. സുന്ദരമായി പാട്ടുപാടിയ മന്ത്രിയെ ഫൈൻ ആർട്‌സ് സൊസൈറ്റി ഭാരവാഹികളായ ജോർജ് കുളങ്ങര, ബെന്നി മൈലാടൂർ, കെ.കെ.രാജൻ, രക്ഷാധികാരി ഡോ.സിറിയക്‌തോമസ് തുടങ്ങിയവർ അഭിനന്ദിച്ചു.
ഡോ. സിറിയക്‌തോമസ് മുഖ്യപ്രഭാഷണം നടത്തി. മാണി സി. കാപ്പൻ, പൊന്നമ്മ ബാബു, ചാലി പാലാ, പ്രൊഫ. പി.എം. മിത്ര, ഗായത്രി, മജീഷ്യൻ വിമൽ ഇടുക്കി, സി.വൈ.എം.എൽ പാലാ, പാലാ കമ്മ്യൂണിക്കേഷൻസ്, മരിയസദനം കലാസമിതി, ഫ്രണ്ട്‌സ് ആർട്‌സ് ക്ലബ് എന്നിവരെ മന്ത്രി ആദരിച്ചു. പരിപാടികൾക്ക് അഡ്വ. രാജേഷ് പല്ലാട്ട്,സോമശേഖരൻ തച്ചേട്ട്, ഷിബു തെക്കേമറ്റം, ബൈജു കൊല്ലംപറമ്പിൽ, ഔസേപ്പച്ചൻ വലിയവീട്ടിൽ, എം.എം.ജോസഫ്, ബേബി വലിയകുന്നത്ത് തുടങ്ങിയവർ നേതൃത്വം നല്കി. ജോബി പാലായും സംഘവും അവതരിപ്പിച്ച കോമഡി നൈറ്റുമുണ്ടായിരുന്നു.