പാലാ : പാലാ നഗരസഭ കുടിശികയിനത്തിൽ വാട്ടർഅതോറിറ്റിയിൽ അടയ്ക്കാനുള്ളത് മൂന്നരക്കോടി രൂപ. ഇത്രയും കുടിശിക എങ്ങനെയായി എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ മുനിസിപ്പൽ സെക്രട്ടറിക്കും എൻജിനിയർക്കും കഴിഞ്ഞില്ല. നഗരസഭയിൽ ജല അതോറിറ്റി വക 25 കണക്ഷനുകളാണുള്ളത്. ഇതാർക്കൊക്കെയാണ്, ആരൊക്കെയാണ് ഈ കണക്ഷനുകളിൽ നിന്ന് വെള്ളമെടുക്കുന്നത് ? ഒന്നിനും ഉത്തരമില്ല. ഇതൊന്നുമറിയില്ലെങ്കിലും കുടിശികയായ 3,44,35,284 രൂപ ഉടൻ അടയ്ക്കണമെന്നാണ് വാട്ടർഅതോറിറ്റിയിൽ നിന്ന് നോട്ടീസ് കിട്ടിയതെന്നാണ് കൗൺസിൽ യോഗത്തിന്റെ അജണ്ടയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഓരോ മാസവും കണക്ഷനുകളുടെ വാട്ടർചാർജ് കുടിശികയുടെ പുതുക്കിയ ബില്ലുകൾ ലഭിച്ചുവരുന്നുണ്ട്. രണ്ട് വർഷം മുമ്പും മൂന്നുകോടിയോളം രൂപ കുടിശിക വന്നിരുന്നു. അന്ന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ഒരു കോടി രൂപ അടയ്ക്കാൻ വാട്ടർഅതോറിറ്റി ആവശ്യപ്പെട്ടു. അത്രയും തുകയില്ലാത്താതിനാൽ 25 ലക്ഷം അടച്ചു. ഇതാണിപ്പോൾ മൂന്നരക്കോടിയായി വർദ്ധിച്ചത്.
നഗരസഭാ വക എ.സി ഹാൾ, ടൗൺഹാൾ, മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിലെ വാട്ടർകണക്ഷനുകളുടെ ഓരോ മാസത്തെയും തുക സ്ഥിരമായി അടയ്ക്കുന്നുണ്ട്. എന്നാൽ കുടിശിക അടയ്ക്കുന്നുമില്ല. പാലാ വലിയപാലത്തിന് സമീപമുള്ള ടോയ്‌ലറ്റിന്റെയും ളാലം പാലത്തിന് സമീപമുള്ള ടോയ്‌ലറ്റിന്റെയും വാട്ടർചാർജിന്റെ മീറ്റർ പ്രവർത്തനക്ഷമമല്ലെന്നും വാട്ടർഅതോറിറ്റി അറിയിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. വിഷയത്തിൽ എത്രയും വേഗം തീരുമാനം എടുക്കണമെന്നും ആരൊക്കെ വാട്ടർകണക്ഷനിൽ നിന്ന് വെള്ളമെടുക്കുന്നുണ്ടെന്ന് അറിയിക്കണമെന്നും കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കക്കണ്ടം, ബിജു പാലുപടവിൽ, ജോർജ്ജുകുട്ടി ചെറുവള്ളിൽ, പ്രൊഫ. സതീശ് ചൊള്ളാനി എന്നിവർ ഇന്നലെ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. വാട്ടർഅതോറിറ്റി ഉദ്യോഗസ്ഥരെ വിളിച്ച് ചേർത്ത് സംയുക്ത പരിശോധന നടത്താനും തീരുമാനമായി. നഗരസഭ ടൗൺഹാൾ അറ്റകുറ്റപ്പണി നടത്തിയപ്പോൾ നീക്കിയ മുൻ ചെയർമാൻമാരുടെ ഫോട്ടോ യഥാസ്ഥാനത്ത് തിരികെ സ്ഥാപിക്കാൻ മുനിസിപ്പൽ എൻജിനിയറെ ചുമതലപ്പെടുത്തിയതായി ചെയർപേഴ്‌സൺ ബിജി ജോജോ കൗൺസിലിനെ അറിയിച്ചു.