പാലാ : പൂവരണി മഹാദേവ ക്ഷേത്രത്തിലെ സർപ്പ പുന:പ്രതിഷ്ഠ ഉത്സവം ഇന്ന് നടക്കും. ദേവപ്രശ്‌നത്തെത്തുടർന്ന് പടിഞ്ഞാറ് ദർശനമായി പ്രതിഷ്ഠിച്ച സർപ്പപ്രതിഷ്ഠകൾ ക്ഷേത്രമതിൽക്ക് പുറത്ത് കിഴക്ക് ദർശനമായി പ്രതിഷ്ഠിക്കുന്നതിന്റെ ഭാഗമായുള്ള ഉത്സവമാണ് നടക്കുന്നത്. മുൻകാലങ്ങളിൽ സമീപ പ്രദേശത്തെ കുടുംബങ്ങളിലെ സർപ്പ പ്രതിഷ്ഠകൾ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ കുടുംബങ്ങളിൽപ്പെട്ടവർ പ്രതിഷ്ഠയ്ക്കു മുൻപായി ക്ഷേത്രത്തിൽ അറിയിക്കണമെന്നും ദേവസ്വം ഭാരവാഹികൾ പറഞ്ഞു. സർപ്പപ്രതിഷ്ഠയോടനുബന്ധിച്ച് നൂറുംപാലും, സർപ്പ പൂജ, സർപ്പ സൂക്താർച്ചന എന്നീ വഴിപാടുകൾ ഉണ്ടാവും. ക്ഷേത്രത്തിൽ എല്ലാ മാസവും ആയില്യം നാളിൽ സർപ്പപൂജയുമുണ്ട്. ഇന്ന് രാവിലെ 11ന് ആമേടമംഗലത്ത് ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് പുന:പ്രതിഷ്ഠ ചടങ്ങുകൾ.തുടർന്ന് പ്രസാദമൂട്ട്.