കാഞ്ഞിരപ്പള്ളി : റോഡ് വികസനത്തിന്റെ ഭാഗമായി പേട്ടക്കവലയിൽ നിന്നു പൊളിച്ചു നീക്കിയ വെയിറ്റിംഗ് ഷെഡ് പുന:സ്ഥാപിക്കണമെന്ന് കാഞ്ഞിരപ്പള്ളി വികസനസമിതി യോഗം ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട - തൊടുപുഴ റോഡിന്റെ വികസനത്തിന്റെ ഭാഗമായി രണ്ടരവർഷം മുൻപാണ് വെയിറ്റിംഗ് ഷെഡ് പൊളിച്ച് നീക്കിയത്. നിലവിൽ കാഞ്ഞിരപ്പള്ളി നഗരത്തിലെ ചുമട്ട് തൊഴിലാളികളും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്ന് താത്കാലികമായി നിർമ്മിച്ചിട്ടുള്ള വെയിറ്റിംഗ് ഷെഡിലാണ് യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത്. കോവിൽക്കടവിനും ഇല്ലത്തു കടവിനും ഇടയിലുള്ള കൊടുംവളവ് നിവർത്താനും റോഡിലേക്ക് തള്ളി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റാനും നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ അദ്ധ്യക്ഷനായി. വി.പി.ഷിഹാബുദ്ദീൻ വാളിക്കൽ, വി. എസ്.സലേഷ് വടക്കേടത്ത്, ബി.എ.നൗഷാദ് ബംഗ്ലാവുപറമ്പിൽ, എം.കെ.സജി ലാൽ മാമ്മൂട്ടിൽ ,അബ്ദുൽ സത്താർ കൊരട്ടി പറമ്പിൽ എന്നിവർ പ്രസംഗിച്ചു.