കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ ജയസാദ്ധ്യതയുള്ള പൊതുസ്വതന്ത്രൻ ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന പ്രചാരണം തള്ളി സി.പി.എം.

ഇന്നലെ പാലായിൽ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും സീറ്റ് എൻ.സി.പിയ്ക്കു തന്നെ നൽകാൻ തീരുമാനിച്ചു. സ്ഥാനാർത്ഥിയെ എൻ.സി.പി നേതൃത്വം തീരുമാനിക്കും. 29ന് ഇടതു മുന്നണി സംസ്ഥാന കമ്മിറ്റിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകും.

എൻ.സി.പി പാലാ ബ്ലോക്ക് കമ്മിറ്റിയും ഇന്നലെ ചേർന്നു . സ്ഥാനാർത്ഥിയായി മാണി സി. കാപ്പന്റെ പേരാണ് ഈ യോഗത്തിൽ പ്രധാനമായി ഉയർന്നത്. അന്തിമ പ്രഖ്യാപനം നടത്തുക ദേശീയ പ്രസിഡന്റ് ശരത്പവാറായിരിക്കും.

എൻ.ഡി.എ യിൽ പി.സി.തോമസും രംഗത്ത്

ബി.ജെ.പി സ്ഥാനാർത്ഥിയായി എൻ.ഹരി മത്സരിച്ച പാലായിൽ താത്പര്യം പ്രകടിപ്പിച്ച് എൻ.ഡി.എ ഘടകകക്ഷി നേതാവായ പി.സി.തോമസ് രംഗത്തെത്തി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി വി.എൻ.വാസവനേക്കാൾ തോമസിന് ഏഴായിരത്തിൽ താഴെ വോട്ടിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ. കേരളകോൺഗ്രസ് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പാലായിൽ മത്സരിച്ചാൽ ജയസാദ്ധ്യതയുണ്ടെന്നാണ് പി.സി.തോമസിന്റെ അവകാശ വാദം. ജനപക്ഷം നേതാവ് പി.സി.ജോർജും പി.സി.തോമസിനായി രംഗത്തെത്തി.

മാണി ഗ്രൂപ്പിൽ തർക്കം നീളുന്നു

ജനസമ്മതിയുള്ള പൊതു സ്ഥാനാർതഥി വേണമെന്ന നിലപാടിൽ പി.ജെ. ജോസഫ് ഉറച്ചു നിൽക്കുന്നതിനാൽ കേരളകോൺഗ്രസിൽ സ്ഥാനാർത്ഥി തർക്കം നീളുകയാണ്. ഇന്നലെ യു.ഡി. എഫ് സംസ്ഥാന കമ്മിറ്റി കൂടി ഇരുവിഭാഗവുമായി ചർച്ച നടത്തിയെങ്കിലും അനുനയ നീക്കമുണ്ടായിട്ടില്ല. നാളെ പത്രികാ സമർപ്പണം തുടങ്ങുമെങ്കിലും അവസാന ദിവസം വരെ തർക്കം നീണ്ടേക്കുമെന്നാണ് സൂചന.

പാലായിൽ എൻ.സി.പി സ്ഥാനാർത്ഥിയായിരിക്കും മത്സരിക്കുക. സ്ഥാനാർത്ഥി ആരെന്നത് അവർ തീരുമാനിക്കട്ടെ. പാലാ സീറ്റ് ഇപ്പോഴത്തെ പ്രത്യേക രാഷ്ടീയ സാഹചര്യത്തിൽ ഇടതു മുന്നണിക്ക് ജയിക്കാൻ കഴിയുന്നതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 4703 വോട്ടിന്റെ ഭൂരിപക്ഷമേ കെ.എം.മാണിക്ക് നേടാനായുള്ളൂ. മാണിയുടെ മരണ ശേഷം കേരളകോൺഗ്രസ് രണ്ടായി നിൽക്കുന്ന തിരഞ്ഞെടുപ്പിൽ പാലാ സീറ്റ് ഇടതുമുന്നണി എങ്ങനെയും പിടിച്ചെടുക്കും.

വി.എൻ.വാസവൻ

സി.പി.എം ജില്ലാ സെക്രട്ടറി