കൂരാലി : കാർഷിക മേഖലയിൽ കുട്ടികൾക്ക് താത്പര്യം വർദ്ധിപ്പിക്കുന്നതിനും സമ്പാദ്യശീലം വളർത്തുന്നതിനും പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കുന്നതിനുമായി കൂരാലി ഫെയ്‌സ് കാർഷിക കൂട്ടായ്മ സ്‌കൂളുകളിലേക്ക് സ്റ്റുഡൻസ് ഗ്രീൻ മാർക്കറ്റ് പദ്ധതി നടപ്പാക്കുന്നു. ആഴ്ചയിൽ ഒരുദിവസം ഫെയ്‌സിന്റെ വാഹനം സ്‌കൂളിലെത്തി, വീട്ടാവശ്യത്തിന് കൃഷി ചെയ്തതിൽ മിച്ചം വരുന്ന പച്ചക്കറികൾ, പഴവർഗങ്ങൾ, മുട്ട, ഇലക്കറികൾ, തേൻ, നെയ്യ്, കോഴി, താറാവ്, മുയൽ തുടങ്ങിയവ കുട്ടികളിൽ നിന്ന് നിശ്ചിത വില നൽകി സംഭരിക്കുന്ന പദ്ധതി ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്‌കൂളിൽ തുടങ്ങി. തിരഞ്ഞെടുക്കപ്പെട്ട മറ്റ് സ്‌കൂളുകളിലും പദ്ധതി നടപ്പാക്കുമെന്ന് ഫെയ്‌സ് പ്രസിഡന്റ് എസ്.ഷാജിയും സെക്രട്ടറി കെ.ആർ.മന്മഥനും പറഞ്ഞു. ഗ്രീൻ മാർക്കറ്റിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. സ്‌കൂൾ മാനേജർ ഫാ. അഗസ്റ്റിൻ കാര്യപുറം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം റോസ്മി ജോബി, ഗ്രാമപഞ്ചായത്തംഗം സൂര്യമോൾ, കൃഷി ഓഫീസർ നിസ ലത്തീഫ്, എസ്.ഷാജി, പി.ടി.എ പ്രസിഡന്റ് ടോമി പുത്തൂർ, കെ.ആർ.മന്മഥൻ, ആഷ്‌ലി തെരേസ ജോസ് പ്രഥമാദ്ധ്യാപിക ലൗലി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.