തലയോലപ്പറമ്പ്: കൊടുംവളവിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം. തലയോലപ്പറമ്പ്-കടുത്തുരുത്തി റോഡിൽ കുമരക്കോട് വളവിൽ ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. എറണാകുളത്തു നിന്നും പുനലൂർക്ക് പോകുകയായിരുന്ന ശരണ്യ ബസും കോട്ടയത്ത് നിന്നും എറണാകുളത്തേക്ക് പോകുന്നതിനായി എതിർ ദിശയിൽ വന്ന സെന്റ് തോമസ് ബസുമാണ് കൂട്ടി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സെന്റ് തോമസ് ബസിൽ യാത്ര ചെയ്തിരുന്ന കൊടുങ്ങല്ലൂർ സ്വദേശി സിനി (30), തോട്ടക്കാട് പുല്ലാലിക്കൽ ലിന്റാ സൂസൻ (32) എന്നിവർക്ക് ബസിനുള്ളിൽ തെറിച്ച് വീണ് സാരമായി പരിക്കേറ്റു. ഇവരെ പൊതിയുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഈ ബസിലെ മറ്റ് 4 യാത്രക്കാർക്ക് നിസാര പരിക്കേറ്റു. അമിത വേഗത്തിൽ വന്ന ഇരു ബസുകളും മറ്റ് വാഹനങ്ങളെ അമിത വേഗത്തിൽ വളവ് ഭാഗത്ത് മറികടന്ന് വന്നതാണ് അപകടമുണ്ടാകാൻ കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.ശരണ്യാ ബസിന്റെ മുൻവശത്തെ ചില്ല് പൂർണ്ണമായും ഡ്രൈവർ ക്യാബിൻ ഭാഗീകമായും തകർന്നു.സെന്റ് തോമസ് ബസ്സിന്റെ ഒരു വശം ഇടിയുടെ ആഘാതത്തിൽ ഉള്ളിലേക്ക് തുളഞ്ഞ് കയറി.