പൊൻകുന്നം : ഒരു സ്റ്റേഡിയത്തിനും ഈ ദുർഗതി വരുത്തരുത്. ചിറക്കടവ് ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം കാടുകയറി നശിക്കുമ്പോൾ കായികപ്രേമികൾ പറയുന്നത് ഇതാണ്. പൊൻകുന്നം ടൗണിന്റെ ഹൃദയഭാഗത്ത് ടൗൺഹാളിനോട് ചേർന്ന് ചുറ്റുമതിലോടുകൂടിയ 40 സെന്റ് ഭൂമിയിലാണ് മിനി സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. ആർക്കും വേണ്ടാത്ത പാഴ് വസ്തുക്കൾ തള്ളാനൊരിടം എന്നു പറയുന്നതാകും കൂടുതൽ അനുയോജ്യം.

ഗ്രാമപഞ്ചായത്ത് 20 വാർഡുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നത് സ്റ്റേഡിയത്തിലാണ്. ആരുടേതെന്നറിയാത്ത തുരുമ്പെടുത്തുനശിച്ച ഒരു ബസ് വർഷങ്ങളോളം ഇവിടെ വിശ്രമത്തിലായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ അടുത്തകാലത്താണ് ബസ് ഇവിടെ നിന്ന് മാറ്റിയത്. ഉപയോഗശൂന്യമായ രണ്ടു മഴവെള്ള സംഭരണികൾ, കാടുവളർന്നു കയറിയ മൈതാനം, ഇതിന്റെ കോണിലായൊരു വോളിബാൾ കോർട്ട് ഇങ്ങനെയൊക്കെയാണ് മിനിസ്റ്റേഡിയം. ടൗൺഹാളിൽ വിവാഹം,സമ്മേളനങ്ങൾ തുടങ്ങിയ പരിപാടികൾക്കെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഇവിടെയാണ്. അഞ്ചുവർഷം മുമ്പ് നാട്ടിലെ ചെറുപ്പക്കാർ മുൻകൈയെടുത്ത് നവീകരിച്ചതാണ് വോളിബാൾ കോർട്ട്. അന്ന് വോളിബാൾ ടൂർണമെന്റും നടത്തി.

ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ ഡോ.എൻ.ജയരാജ് എം.എൽ.എ സ്റ്റേഡിയം നവീകരണത്തിനായി 25 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.അതിനു ശേഷം പഞ്ചായത്ത് തിരഞ്ഞെടുപ്പും ഭരണമാറ്റവുമൊക്കെ വന്നെങ്കിലും സ്റ്റേഡിയത്തിന്റെ നവീകരണം സംബന്ധിച്ച തുടർനടപടികളൊന്നും ഉണ്ടായില്ല. എം.എൽ.എയും പഞ്ചായത്തും പരസ്പരം പഴിചാരി അഞ്ചുവർഷങ്ങൾ കടന്നുപോയി. സ്റ്റേഡിയത്തിന്റെ വികസനം കടലാസിൽ തന്നെ.

എം.എൽ.എ പറയുന്നത്

ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള നിസഹകരണമാണ് തുക അനുവദിക്കാൻ തടസമായത്.

പഞ്ചായത്ത് പറയുന്നത്

എം.എൽ.എയുടെ ആരോപണത്തെക്കുറിച്ച് ഒന്നും അറിയില്ല.

പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നത് സ്റ്റേഡിയത്തിൽ

നവീകരണത്തിന് പ്രഖ്യാപിച്ച 25 ലക്ഷം സ്വാഹ

നിലവിൽ വാഹനപാർക്കിംഗ് കേന്ദ്രം