കോട്ടയം: മൂന്ന് മാസം നീണ്ട വിചാരണയ്‌ക്കായി കോടതിയിൽ എത്തിയിരുന്നപ്പോഴുള്ള ഭാവമായിരുന്നില്ല ഇന്നലെ ഷാനു ചാക്കോ അടക്കമുള്ള പ്രതികളുടേത്. അന്ന് കളിചിരികളോടെ നിന്നവരുടെ മുഖം ഇന്നലെ മ്ളാനമായിരുന്നു. വിധി എന്താകുമെന്ന ആശങ്കയായിരുന്നു പത്തു പ്രതികളുടെയും മുഖത്തുണ്ടായിരുന്നത്.

ഇന്നലെ രാവിലെ 10.45 ഓടെ പ്രതികളെ സബ് ജയിലിൽ നിന്ന് കോടതിയിൽ എത്തിച്ചു. ജില്ലാ പഞ്ചായത്തിന് സമീപത്തെ വഴിയിലൂടെയാണ് കോടതിയിലേയ്‌ക്ക് കൊണ്ടു വന്നത്. രാവിലെ മുതൽ തന്നെ ഇവരെ എത്തിക്കുന്നതും കാത്ത് മാദ്ധ്യമ കാമറകളും നിരന്നിരുന്നു. സബ് ജയിലിൽ നിന്നും പൊലീസ് വാഹനം എത്തിയതോടെ സിവിൽ സ്റ്റേഷൻ വളപ്പിൽ കാത്തു നിന്ന ആളുകൾക്കിടയിലൂടെ പ്രതികൾ കോടതിയിലേയ്‌ക്ക്. കോടതി വളപ്പിൽ ആൾക്കൂട്ടം വർദ്ധിച്ചതോടെ പൊലീസ് കർശന നിയന്ത്രണങ്ങളുമായി രംഗത്തിറങ്ങി. പ്രതികൾക്ക് നേരെ പ്രതിഷേധവും, ആക്രമണവും ഉണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളും ഇതിനിടെ പൊലീസ് സംഘത്തിനു ലഭിച്ചിരുന്നു.

വെസ്റ്റ് സി.ഐ എം.ജെ അരുണിന്റെയും, ഈസ്റ്റ് സി.ഐ നിർമ്മൽ ബോസിന്റെയും നേതൃത്വത്തിൽ പൊലീസ് സംഘം കോടതി പരിസരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പ്രതികളുടെ ബന്ധുക്കളും, അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും അല്ലാതെ മറ്റാരെയും കോടതി വളപ്പിലേയ്‌ക്ക് പ്രവേശിപ്പിച്ചില്ല. ജഡ്‌ജി എത്തും മുൻപ് തന്നെ പ്രതികളെ പത്തു പേരെയും പ്രതിക്കൂട്ടിൽ കയറ്റി നിർത്തി സുരക്ഷാ പ്രശ്‌നം ഒഴിവാക്കുകയും ചെയ്‌തു. പ്രതിക്കൂട്ടിൽ തല കുമ്പിട്ട് നിന്ന ഷാനു, തല ഉയർത്തിയപ്പോഴെല്ലാം വിദൂരതയിലേയ്‌ക്ക് മാത്രം നോക്കി . മറ്റെല്ലാ പ്രതികളും ഇപ്പോൾ പൊട്ടിക്കരയുമെന്ന മുഖഭാവത്തോടെയാണ് പ്രതിക്കൂട്ടിൽ നിന്നത്. കൃത്യം 11 ന് തന്നെ ജഡ്‌ജി സി.ജയചന്ദ്രൻ കോടതിയിൽ എത്തി. നേരിട്ട് വിധി വായിക്കുന്നതിലേയ്‌ക്ക് കടന്നു. ശിക്ഷാ വിധി പ്രഖ്യാപിച്ച് ജഡ്‌ജി പുറത്തേയ്‌ക്ക് പോയതിന് പിന്നാലെ കോടതിയ്‌ക്കുള്ളിൽ കൂട്ടക്കരച്ചിലായി. പ്രതികൾക്കൊപ്പം മാതാപിതാക്കളും ബന്ധുക്കളും വിധി അറിഞ്ഞ് പൊട്ടിക്കരഞ്ഞു. വൈകാതെ പ്രതികൾ വിധിയുമായി പൊരുത്തപ്പെട്ടു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേയ്ക്ക് അയച്ചു.