കോട്ടയം: ദുരഭിമാനക്കൊലപാതകം തെളിഞ്ഞെങ്കിലും വധശിക്ഷയിൽ നിന്ന് പ്രതികൾ രക്ഷപ്പെട്ടത് പ്രായവും പശ്ചാത്തലവും പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷയിൽ. എല്ലാ പ്രതികൾക്കും 30 ൽ താഴെ മാത്രമേ പ്രായമുള്ളൂവെന്നതും ആരും മുൻപ് ക്രിമിനൽ കേസിൽ പ്രതിയായിട്ടില്ലെന്നതും കോടതി പരിഗണിച്ചു. ഇരട്ടജീവപര്യന്തം തടവ് പ്രത്യേകം അനുഭവിക്കണമെന്ന് കോടതി പറയാതിരുന്നതും ഇക്കാരണങ്ങൾകൊണ്ടാണ്.
കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന ആവശ്യം. എന്നാൽ പ്രതികൾക്ക് മനംമാറ്റത്തിനുള്ള സാദ്ധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി. പ്രതികളെല്ലാം സമൂഹത്തിന്റെ ഭാഗമായി ജീവിക്കേണ്ടവരാണ്. അവർ സമൂഹത്തിൽ നിന്ന് ഒഴിവാക്കപ്പെടേണ്ടവരല്ല. ചെറുപ്രായമാണ്. ജീവിതം തുടങ്ങുന്നതേയുള്ളൂ. ആർക്കും ക്രിമിനൽ പശ്ചാത്തലമില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം പ്രതികളാരും മൃതദേഹത്തോട് ക്രൂരത കാട്ടിയിട്ടില്ല. വധശിക്ഷയ്ക്ക് അർഹരാണെങ്കിലും ഇക്കാരണങ്ങൾ പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകുകയാണെന്ന് കോടതി പറഞ്ഞു.