കുറവിലങ്ങാട് : ദിനംപ്രതി നൂറുക്കണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന സർക്കാർ താലൂക്ക് ആശുപത്രിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി. രോഗികൾക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും നായശല്യം ഭീഷണിയായി മാറി. ആശുപത്രിയിൽ എത്തുന്ന ഇരുചക്ര വാഹനങ്ങൾക്ക് മുമ്പിൽ നായകൾ ചാടുന്നത് പതിവുസംഭവമായിരിക്കുകയാണെന്ന് രോഗികൾ പറയുന്നു. ഇത് ഏറെ അപകടസാദ്ധ്യതയാണ് ഉയർത്തുന്നത്. താലൂക്ക് ആശുപത്രിയിൽ പേ വാർഡിന്റെയും ഫാർമസിയുടെയും പരിസരത്തുമായി അഞ്ചിലധികം തെരുവുനായക്കളാണ് തമ്പടിച്ചിരിക്കുന്നത്. ആശുപത്രിയിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പിന്നാലെ തെരുവ്നായക്കൾ കൂടുന്നതും പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. ആശുപത്രിയിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. ടൗണിലും ബസ് സ്റ്റാ‌ൻഡിലും നായശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതികൾ ഉയർന്നിരുന്നു. പകൽ സമയങ്ങളിൽ തണൽ പറ്റാൻ ഇവ വെയിറ്റിംഗ് ഷെഡുകളും നായകൾ കേന്ദ്രമാക്കുന്നു. പാതയോരത്ത് നിക്ഷേപിക്കുന്ന മാലിന്യമാണ് തെരുവുനായ ശല്യം രൂക്ഷമാകുന്നതിന്റെ പ്രധാന കാരണം.