കോട്ടയം: സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാന കൊലപാതകക്കേസിൽ പ്രതികളെ കുടുക്കിയത് പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണം. മാങ്ങാനം മുതൽ പുനലൂർ ചാലിയേക്കര വരെ പ്രതികൾ സഞ്ചരിച്ച വഴികളിലൂടെ തെളിവെടുപ്പ് യാത്ര നടത്തിയാണ് പൊലീസ് നിർണ്ണായകമായ തെളിവുകൾ ശേഖരിച്ചത്. അന്വേഷണ സംഘത്തലവനായിരുന്ന ജില്ലാ പൊലീസ് മേധാവി ഹരിശങ്കറും ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയുമാണ് കേസിന്റെ ആദ്യം മുതൽ അവസാനം വരെ ഒപ്പം സഞ്ചരിച്ച് പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയത്.

2018 മേയ് 27 ന് കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവം ഉണ്ടായി കൃത്യം ഒരാഴ്‌ചയ്‌ക്കുള്ളിൽ മുഴുവൻ പ്രതികളെയും പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയത് പഴുതടച്ചുള്ള അന്വേഷണം തന്നെയാണ്. പ്രതികൾ മാന്നാനത്ത് അനീഷിന്റെ വീട്ടിൽ എത്തിയെന്നതിന് തെളിവായി പൊലീസ് സംഘം ശേഖരിച്ചത് പ്രതികളുടെ തന്നെ മൊഴിയായിരുന്നു. പ്രതികൾ എത്തിയ ദിവസം രാത്രിയിൽ മാന്നാനത്ത് വച്ച് എ.എസ്.ഐ ബിജുവിന് കൈക്കൂലി നൽകിയെന്ന പ്രതികളുടെ മൊഴി ഇവർക്ക് തന്നെ തിരിച്ചടിയായി. ഇത് കൂടാതെ എല്ലാ പ്രതികളുടെയും മൊബൈൽ ഫോൺ മാന്നാനത്തെ ടവറിന് കീഴിൽ ഒരേ സമയം എത്തിയതും പൊലീസിന് കൃത്യമായ തെളിവായി.

ഗാന്ധിനഗറിലെ തട്ടുകടയിൽ പ്രതികൾ ഭക്ഷണം കഴിക്കാൻ എത്തിയതും, ഇവിടെയുണ്ടാക്കിയ അടിപിടിയുമായിരുന്നു മറ്റൊരു തെളിവ്. ഗാന്ധിനഗറിലെ നിത്യാലോഡ്‌ജിന് മുന്നിൽ നിർത്തിയിട്ട കാറിന്റെ നമ്പർ പ്ലേറ്റ് ചെളി ഉപയോഗിച്ച് പ്രതികൾ മറയ്‌ക്കുന്നത് കണ്ടതായി ലോഡ്‌ജിലെ മാനേജർ കോടതിയിൽ മൊഴി നൽകിയിരുന്നു. ഇത് കൂടാതെയാണ് പുനലൂർ മുതൽ മാന്നാനം വരെയുള്ള വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചത്. ഇത്തരത്തിൽ പഴുതടച്ചുള്ള അന്വേഷണവും കൃത്യമായി തയ്യാറാക്കിയ കുറ്റപത്രവുമാണ് പ്രോസിക്യൂഷന് സഹായകരമായി മാറിയത്.

ഇത് കൂടാതെ കേസിലെ പ്രധാന സാക്ഷികളായ അനീഷും നീനുവും മൊഴിയിൽ ഉറച്ച് നിന്നതും ബലമായി .