പാലാ : മരങ്ങാട്ടുപിള്ളി ഓട്ടോസ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറുമാരുടെ കൂട്ടായ്മയായ സ്‌നേഹധാര ഓട്ടോബ്രദേഴ്‌സ് ഒരു ദിവസത്തെ വരുമാനം മുഴുവൻ പ്രളയബാധിതർക്ക് നൽകും. ഓരോ ദിനവും അദ്ധ്വാനത്തിന്റെ ഒരു വിഹിതം വാഹനത്തിൽ സ്ഥാപിച്ചിരിക്കുന്ന ചാരിറ്റി ബോക്‌സിൽ ഇവർ നിക്ഷേപിക്കുന്നുണ്ട്. ഇത് മാസത്തിലൊരിക്കൽ ശേഖരിച്ച ശേഷം വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയാണ് പതിവ്. ഇന്നലത്തെ വരുമാനം മുഴുവനായി ജില്ലയിലെ കുമരകം മേഖലയിൽ പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് നൽകാനാണ് തീരുമാനം. ജോയി തോമസ്, അനീഷ് പി.വി. എന്നിവരുടെ നേതൃത്വമാണ് സ്‌നേഹധാരയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. അൻപതോളം പേരാണ് കൂട്ടായ്മയിലുള്ളത്.