കോട്ടയം: മൂന്നു മുന്നണികളിലും സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള തർക്കം തുടരുന്നു.
എൻ.സി.പി സ്ഥാനാർത്ഥി തീരുമാനം ഇന്ന്
ഇടതു മുന്നണി എൻ.സി.പിക്ക് നൽകിയ സീറ്റിൽ ആര് മത്സരിക്കണമെന്ന് ഇന്ന് തീരുമാനമുണ്ടാകും. പാലാ നിയോജക മണ്ഡലം കമ്മിറ്റി യോഗം സ്ഥാനാർത്ഥി ചർച്ച നടത്തി. മാണി സി. കാപ്പന്റെ പേരാണ് പ്രധാനമായും ഉയർന്നത്. സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയുടെ പിന്തുണ കാപ്പന് ഉള്ളതിനാൽ മറ്റൊരു പേര് പ്രഖ്യാപിക്കാനിടയില്ല . എൻ.സി.പി സംസ്ഥാന സമിതി ഇന്ന് പേര് തീരുമാനിച്ചു ദേശീയ നേതൃത്വത്തെ അറിയിക്കും.
ജോസ് - ജോസഫ് തർക്കം എങ്ങുമെത്തിയില്ല
ജോസ് - ജോസഫ് തർക്കം തുടരുന്നതിനാൽ കേരള കോൺഗ്രസിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുമെന്നാണ് സൂചന. ജോസും ജോസഫുമായുള്ള ചർച്ച നടന്നിട്ടില്ല. ഇനി നടക്കാൻ സാദ്ധ്യതയും കുറവാണ്. യു.ഡി.എഫ് നേതൃത്വം പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിയെ അംഗീകരിക്കാൻ ഇരു വിഭാഗത്തോടും ആവശ്യപ്പെട്ടേക്കും.
ജോസ് കെ. മാണി രാജ്യസഭാ അംഗത്വം രാജിവെച്ച് പാലായിൽ മത്സരിക്കണമെന്ന് വരെയുള്ള ആവശ്യം പാർട്ടിയിൽ ശക്തമാണ്. പാർട്ടി സ്ഥാനങ്ങളില്ലാത്ത നിഷ സ്ഥാനാർത്ഥിയാകുന്നതിനോട് ജോസഫ് താത്പര്യം കാണിക്കുന്നില്ല . ഇ.ജെ.അഗസ്തി, ഫിലിപ്പ് കുഴിക്കളം തുടങ്ങിയ പേരുകൾ ഉയരുന്നുണ്ടെങ്കിലും മാണി കുടുംബത്തിൽ നിന്നുള്ള സ്ഥാനാർത്ഥി വേണമെന്ന നിലപാടിലാണ് ഭുരിപക്ഷം പ്രവർത്തകരും.
കേസ് നീട്ടി വച്ചു
പാർട്ടി ചെയർമാനായി ജോസ് കെ. മാണിയെ തിരഞ്ഞെടുത്തത്
തടഞ്ഞ ഇടുക്കി മുൻസിഫ് കോടതി വിധിക്കെതിരെ കട്ടപ്പന സബ് കോടതിയിൽ ജോസ് വിഭാഗം നൽകിയ ഹർജി 30ലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന ജഡ്ജി 29ന് സ്ഥലംമാറും. പുതിയ ജഡ്ജി സെപ്തംബർ നാലിനേ ചുമതലയേൽക്കൂ എന്നതിനാൽ കേസ് വൈകിയേക്കും. വിപ്പും
സ്ഥാനാർത്ഥിക്ക് ചിഹ്നം അനുവദിക്കുന്നതും ഉൾപ്പെടെയുള്ള അധികാരം താത്ക്കാലിക ചെയർമാനായ ജോസഫിനായിരിക്കുമെന്നതിനാൽ പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസഫിന്റെ അധികാര പ്രയോഗമായിരിക്കും നടക്കുക. ജോസ് വിഭാഗം ഇതംഗീകരിക്കുമെന്നു തോന്നുന്നില്ല . വീണ്ടും കേസിലേക്കാകും കാര്യങ്ങൾ നീങ്ങുക. 21 സംസ്ഥാന സമിതി അംഗങ്ങളെ ജോസഫ് സസ്പെൻഡ് ചെയ്തതു ചോദ്യം ചെയ്ത് ജോസ് വിഭാഗം കോട്ടയം സബ് കോടതിയിൽ നൽകിയ കേസും മാറ്റി വച്ചിരിക്കുകയാണ്.
എൻ.ഡി.എ സ്ഥാനാർത്ഥി പ്രഖ്യാപനം 30ന്
എൻ.ഡി.എ സ്ഥാനാർത്ഥിയെ 30ന് പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ള അറിയിച്ചത്. ഇന്ന് ശ്രീധരൻ പിള്ള പാലായിൽ എത്തുന്നുണ്ട്. പ്രവർത്തകരുമായി ആശയവിനിമയം നടത്തും. എൻ.ഹരിക്കു പുറമേ പി.സി.തോമസിന്റെ പേര് ഉയർന്നതും ചർച്ച ചെയ്യുമെന്നാണ് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ അറിയിച്ചത്.