കോട്ടയം: നീനുവിനെ കാണാൻ ശ്രമിക്കുമെന്നും സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തുമെന്നും പിതാവ് ചാക്കോ ജോൺ പറഞ്ഞു. വിധി പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ചാക്കോ. മകനും ഒപ്പമുള്ള സുഹൃത്തുക്കളും നിരപരാധികളാണ്. കാണാതായ സഹോദരിയെ തേടി ഇറങ്ങുക മാത്രമാണ് ഈ യുവാക്കൾ ചെയ്‌തത്. ഇതിനാണ് ഇവരെ വേട്ടയാടുന്നത്. ജാതിയും മതവും ഒന്നും തങ്ങൾക്ക് പ്രശ്‌നമായിരുന്നില്ല. കെവിനെ നീനുവിന് വിവാഹം ചെയ്‌ത് നൽകാമെന്ന് പൊലീസ് സ്റ്റേഷനിൽ അറിയിച്ചതാണ്. കെവിന്റെ പിതാവ് ജോസഫിനെ വർക്ക്ഷോപ്പിലെത്തി കണ്ടിരുന്നു. എന്നാൽ, ജോസഫ് ആട്ടിപ്പുറത്താക്കുകയാണ് ചെയ്‌തത്. നേരിട്ട് വന്ന് കെവിൻ തന്നോട് മകളെ വിവാഹം ചെയ്‌ത് നൽകണമെന്നാവശ്യപ്പെട്ടിരുന്നെങ്കിൽ താൻ അതിന് തയ്യാറായേനെയെന്നും ചാക്കോ പറഞ്ഞു.