കോട്ടയം: സൂര്യകാലടി മഹാഗണപതി ദേവസ്ഥാനത്തെ ചതുർത്ഥി ആഘോഷങ്ങൾക്ക് 29നു തുടക്കമാവും. വൈകിട്ട് പ്രാസാദ ശുദ്ധി ക്രിയകൾ, വാസ്തുബലി, 30നു രാവിലെ ബിംബ ശുദ്ധിക്രിയകൾ, സഹസ്രകലശത്തിനായുള്ള മഹാ ബ്രഹ്മകലശപൂജ, വൈകിട്ട് 6 മുതൽ പരികലശപൂജ, അധിവാസ ഹോമം, കലശാധിവാസം, അത്താഴ പൂജ, 31നു രാവിലെ 6 മണിക്ക് ഉഷ: പൂജ, പരികലശാഭിഷേകം, 11നു ബ്രഹ്മകലശാഭിഷേകം, ഉച്ചപൂജ, വൈകിട്ട് നാലിനു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സിനിമാതാരം ജയസൂര്യ പ്രളയബാധിതർക്കുള്ള ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യും. സൂര്യകാലടിമന ധർമ്മരക്ഷാധികാരി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി.മുഖ്യാതിഥിയായിരിക്കും. ചതുർത്ഥി ആഘോഷങ്ങൾക്ക് ചെലവഴിക്കുന്ന തുക ഉപയോഗിച്ച് കഴിഞ്ഞ വർഷവും പ്രളയത്തിൽ ദുരിതമനുഭവിച്ച നൂറിലധികം കുടുംബങ്ങൾക്ക് മന സഹായം വിതരണം ചെയ്‌തിരുന്നു. അഞ്ചിന് മണിക്ക് സൂര്യകാലടി ഗംഗാ പ്രവാഹ തീർത്ഥ യാത്രാ സംഘം കൈലാസത്തിലെ മാനസസരോവരത്തിൽ നിന്നും ശേഖരിച്ച തീർത്ഥ കുംഭവുമായി എത്തിച്ചേരും. തുടർന്ന് 6.30ന് സംഗീതകച്ചേരി. സെപ്തംബർ 1ന് രാവിലെ ഏഴിന് ശ്രീചക്ര പൂജയുടെ പ്രാതസവനം, ഉച്ചയ്ക്ക് 12 മണിക്ക് മാധ്യന്തിന സവനം, വൈകിട്ട് 4 നു നക്ഷത്രവന ദർശനം, ഗംഗാജല പ്രോക്ഷണം, വൃക്ഷ വന്ദനം, 6 നു ശ്രീചക്ര പൂജയുടെ ത്രീദ്വീയ സവനം, പൂജയോടൊപ്പം നവാവരണ കീർത്തനാലാപനവും നവാവരണ നൃത്തവും നടക്കും, സുഹാസിനി സുവാസിനി പൂജയുടെ സമാപനത്തിൽ ദീപാരാധനയും പ്രസാദവിതരണവും നടക്കും. വിനായക ചതുർത്ഥി ദിനമായ സെപ്തംബർ 2 നു പുലർച്ചെ 5നു ഉഷ: പൂജ,7 നു സഹസ്രാഅഷ്ടാധിക അഷ്ടദ്രവ്യ മഹാഗണിപതി ഹോമം,11 മണിക്ക് പ്രത്യക്ഷ ഗണപതി പൂജ, കലശാഭിഷേകം, ഉച്ചപൂജ തുടർന്ന് 12 മണിക്ക് ഗണപതി പ്രാതൽ, 12.30 നു സൂര്യകാലടി ഭജന മണ്ഡലിയുടെ ഭക്തിഘോഷ ലഹരിയും ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ രാജേഷ് നട്ടാശ്ശേരി അറിയിച്ചു.