ആർപ്പൂക്കര: ആർപ്പൂക്കരയുടെ ആദ്യകാല ട്യൂഷൻ മാസ്റ്ററും സാമൂഹ്യ - സമുദായ- സഹകരണ രംഗങ്ങളിൽ നിറസാന്നിദ്ധ്യവുമായ എം.വി. കുഞ്ഞുമോൻ സപ്തതിയുടെ നിറവിൽ.

മാന്നാനം കെ.ഇ. കോളേജിൽ നിന്ന് ആദ്യബാച്ചിൽ ബിരുദം സമ്പാദിച്ചശേഷം ആർപ്പൂക്കരയിൽ ശ്രീനാരായണ ട്യൂഷൻ സെന്റർ സ്ഥാപിച്ചുകൊണ്ട് പൊതുരംഗത്തേക്ക് കാലൂന്നിയ കുഞ്ഞുമോൻ സർക്കാർ സർവീസിലും സ്തുത്യർഹമായ സേവനം കാഴ്ചവച്ചിട്ടുണ്ട്. 1973ൽ വൈദ്യുതി ബോർഡിൽ കാഷ്യർ ആയി ജോലി ലഭിച്ച് എറണാകുളത്തേക്ക് വണ്ടികയറുമ്പോഴും ജന്മനാടിന്റെ പുരോഗതിയിലേക്കുള്ള എല്ലാ ചലനങ്ങളിലും തന്റേതായ സ്ഥാനം ഉറപ്പിക്കാൻ സമയം കണ്ടെത്തിയിരുന്നു. യുവതലമുറയ്ക്ക് വഴികാട്ടിയായി ആർപ്പൂക്കരയിലൊരു ഗ്രന്ഥശാല (നവോദയം) സ്ഥാപിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിക്കുകയും ആദ്യകാല പ്രസിഡന്റ് ആവുകയും ചെയ്ത. അതോടൊപ്പം സമുദായ, സഹകരണ മേഖലകളിലും കഴിവ് തെളിയിച്ചു. എസ്.എൻ.ഡി.പി യോഗം ആർപ്പൂക്കര ശാഖ വൈസ് പ്രസി‌ഡന്റ് ആയി പ്രവർത്തിക്കുന്നതിനിടെ 1987ൽ നടന്ന സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പാനലിൽ മത്സരിച്ച് ഉജ്വലവിജയം കരസ്ഥമാക്കി. പതിറ്റാണ്ടുകളായി യു.ഡി.എഫിന്റെ ആധിപത്യത്തിലായിരുന്ന ബാങ്ക് ഭരണം ഇടതുമുന്നണി പിടിച്ചെടുത്തത് നാട്ടിൽ വലിയ വാർത്തയായിരുന്നു. ഉജ്വലവിജയ ശില്പികളിലൊരാൾ എന്ന നിലയിൽ ബാങ്കിന്റെ വൈസ് പ്രസിഡന്റ് ആയി. 1993ലും ഇതേ ചരിത്രം ആവർത്തിച്ചു. 1995 മുതൽ ഏതാണ്ട് തുടർച്ചയായി എസ്.എൻ.ഡി.പി യോഗം ആർപ്പൂക്കരം ശാഖ വൈസ് പ്രസിഡന്റായും 2008 മുതൽ നാളിതുവരെ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ശ്മശാനം, ആ‌ഡിറ്റോറിയം, കോലേട്ടമ്പലത്തിന്റെ ജീർണോദ്ധാരണം, ചുറ്റമ്പല നിർമ്മാണം , ഉപദേവതാപ്രതിഷ്ഠകൾ, ഗുരുദേവക്ഷേത്രം, ധ്വജപ്രതിഷ്ഠ, സാധുസത്യൻ കുമാരസ്വാമിക്ക് സ്മാരകനിർമ്മാണം തുടങ്ങി സമുദായത്തിന്റെ ആത്മീയവും ഭൗതീകവുമായ ഉയർച്ചയിൽ നേതൃത്വപരമായ പങ്കുവഹിച്ചു. പൊതുരംഗത്ത് നിറസാന്നിദ്ധ്യമാണെങ്കിലും സപ്തതി ആഘോഷം കുടുംബാംഗങ്ങൾക്കൊപ്പം സ്വകാര്യ ചടങ്ങായി സംഘടിപ്പിക്കാനാണ് കുഞ്ഞുമോന്റെ തീരുമാനം.