കോട്ടയം: ഓണക്കാലത്ത് 'ഹോം വർക്ക്' ചെയ്തുകിട്ടുന്ന മുഴുവൻ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനൊരുങ്ങുകയാണ് പാമ്പാടി വെള്ളൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി (ടി.എച്ച്.എസ്) സ്കൂളിലെ വിദ്യാർത്ഥികൾ.
വിദ്യാർത്ഥികൾ ഹോംവർക്ക് ചെയ്താൽ ആര് പണം നൽകുമെന്ന സംശയം വേണ്ട. നോട്ട് ബുക്ക് , പേപ്പർ ബാഗ്, ഗ്ലൗസ്, ചവിട്ടുമെത്ത തുടങ്ങിയ ഉത്പന്ന നിർമ്മാണം ഇവരുടെ പാഠ്യപദ്ധതിയുടെ ഭാഗമാണ്. ഉത്പന്നനിർമ്മാണത്തിലെ പ്രായോഗിക പരിശീലനമാണ് ഇവിടുത്തെ വിദ്യാർത്ഥികളുടെ ഹോം വർക്ക്. പരീക്ഷണശാലയിലും പ്രാക്ടിക്കൽ ക്ലാസിലും ഇതിനോടകം നിർമ്മിച്ച നോട്ട് ബുക്കുകൾ വിറ്റുകിട്ടിയ 3115 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഓണാവധിക്ക് ഓരോ വിദ്യാർത്ഥിയും വീട്ടിലിരുന്ന് പേപ്പർ ബാഗുകൾ നിർമ്മിക്കും. അവധി കഴിഞ്ഞ് സ്കൂളിൽ തിരിച്ചെത്തുമ്പോൾ എല്ലാവരും നിർമ്മിച്ച കവറുകൾ കൊണ്ടുവന്ന് വിൽക്കും. അതിലൂടെ ലഭിക്കുന്ന പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവന ചെയ്യാനാണ് തീരുമാനം.
സ്കൂളിലെ പോളിമർ സയൻസ് ബാച്ച് വിദ്യാർത്ഥികൾ പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി നിർമ്മിച്ച ചവിട്ടുമെത്ത ( ഡോർമാറ്റ്), കൈയ്യുറ എന്നിവ പ്രളയബാധിത മേഖലയിൽ സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു. പ്രിന്റിംഗ് ടെക്നോളജി ബാച്ചിലെ വിദ്യാർത്ഥികളും എൻ.എസ്.എസ് വോളണ്ടിയേഴ്സുമായ 100 പേരാണ് ഓണം അവധിക്ക് പേപ്പർ ബാഗ് നിർമ്മിക്കുന്നത്. സെപ്തംബർ 2 മുതൽ 6 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് ആഹ്വാനം ചെയ്തിട്ടുള്ള ദുരിതാശ്വാസ നിധി സമാഹരണത്തിലും വിദ്യാർത്ഥികൾ പങ്കാളികളാകും.
പാഠ്യപദ്ധതിയുടെ ഭാഗമായി നടത്തുന്ന ഇത്തരം പ്രായോഗിക പരിശീലനത്തിലൂടെ നന്മയുടെ പാഠങ്ങൾ കണ്ടെത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.
- രതീഷ് ജെ.ബാബു, പ്രിൻസിപ്പൽ.