വൈക്കം: സ്‌കൂളുകൾ തുറന്ന് രണ്ടു മാസം കഴിഞ്ഞിട്ടും വൈക്കം താലൂക്കിലെ പട്ടികജാതിപട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലംപ്സം ഗ്രാന്റ് വിതരണം ചെയ്യാത്ത അധികൃതരുടെ അനാസ്ഥയിൽ പ്രതിക്ഷേധിച്ച് ദളിത് കോൺഗ്രസ് വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടികജാതി-പട്ടികവർഗ വികസന ആഫീസിലേക്ക് പ്രതിക്ഷേധ മാർച്ചു നടത്തി. എല്ലാ വർഷവും ജൂൺ മാസത്തിൽ തന്നെ വിതരണം ചെയ്യുന്ന സ്റ്റൈഫന്റ് രണ്ട് മാസം കഴിഞ്ഞിട്ടും വിതരണം ചെയ്തിട്ടില്ലെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സ്റ്റൈഫന്റ് നൽകാത്തതു മൂലം പ്രളയം മൂലം ബുദ്ധിമുട്ടിലായ ദളിത് കുടുംബങ്ങളെ അധികൃതർ ദുരിതത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്നും ദളിത് വിഭാഗം ആരോപിച്ചു. ബ്ലോക്ക് പട്ടികജാതി പട്ടികവർഗ്ഗ വികസന ആഫീസിന് മുമ്പിൽ നടന്ന പ്രതിഷേധയോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു.ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈക്കം ജയൻ, കെ.കൃഷ്ണൻകുട്ടി ,അജയകുമാർ, മഹേശൻ മാടത്തിൽചിറ, പി.എസ് വേണു, സുരേഷ്, ജയ് ജോൺപേരയിൽ, എം.ടി.അനിൽകുമാർ, ഷാജി മുഹമ്മദ്, ശ്രീരാജ് ഇരുമ്പേപ്പള്ളിൽ, വർഗ്ഗീസ് പുത്തൻചിറ തുടങ്ങിയവർ പ്രസംഗിച്ചു.