തലയോലപ്പറമ്പ്: സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം പ്രളയബാധിതർക്ക് നൽകി ആറാം ക്ലാസ് വിദ്യാർഥി മാതൃകയായി. വെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ സ്‌കൂളിലെ വിദ്യാർഥിയായ വെള്ളൂർ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർ ചന്ദ്രാമലയിൽ റെജിയുടെ മകൻ രാഹുലാണ് തന്റെ കുടുക്കയിൽ സ്വരൂപിച്ച സമ്പാദ്യം പ്രളയബാധിതർക്കായി നൽകിയത്. പ്രളയബാധിതരെ സഹായിക്കാൻ വെള്ളൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാരും ജനകീയ കൂട്ടായ്മയും ചേർന്ന് സമാഹരിക്കുന്ന കൈത്താങ്ങ് പദ്ധതിയിലേക്കാണ് പണം കൈമാറിയത്. കഴിഞ്ഞ വർഷം ചെമ്മഞ്ചിയിലുള്ള കിഡിനി രോഗിക്കായി തന്റെ കുടുക്കയിലുള്ള പണം മുഴുവൻ രാഹുൽ നൽകിയിരുന്നു. കുടുക്കയിൽ ഉണ്ടായിരുന്ന മൂവായിരത്തോളം രൂപ വെള്ളൂർ ഹോളി ഫാമിലി പള്ളി വികാരി ഫാ. ജോബി പുച്ചുകണ്ടത്തിൽ വിദ്യാർത്ഥിയിൽ നിന്നും ഏറ്റുവാങ്ങി.