പാലാ: നിനച്ചിരിയ്ക്കാത്ത വന്ന ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ അന്തംവിട്ടുപോയ രാഷ്ട്രീയ കക്ഷികൾ ഇപ്പോൾ ചുവരുകൾ തേടിയുള്ള നെട്ടോട്ടത്തിലാണ്. ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതാണെങ്കിലും അത് ഇത്രവേഗം എത്തുമെന്ന് ആരും കരുതിയില്ല. പല രാഷ്ട്രീയ കക്ഷികൾക്കും ലോക്സഭ തിരഞ്ഞെടുപ്പിന് എഴുതിവച്ച മതിലുകൾ ഉണ്ടെങ്കിലും പലതും കുമ്മായം പൂശി വൃത്തിയാക്കി കഴിഞ്ഞിരിക്കുന്നു. ചില മതിലുകൾ കാലവർഷം കാരണം വൃത്തികേടാകുകയും ചെയ്തു. രാഷ്ട്രീയ കക്ഷികളെല്ലാം കണ്ണായസ്ഥലങ്ങളിലെ മതിലുകളിലെല്ലാം തങ്ങളുടെ പ്രാതിനിധ്യം അറിയിക്കുന്ന അടയാളങ്ങൾ പതിപ്പിച്ചു കഴിഞ്ഞു. ചുവരെഴുത്ത് തൊഴിലാളികളെല്ലാം പുതിയ എഴുത്തുകൾക്കുള്ള തയ്യാറെടുപ്പിലാണ്. പെയിന്റും ബ്രഷും വാങ്ങി കൊടുത്താൽ ചുവരെഴുത്തിന്
കൂലിയായി മീറ്ററിന് 80 രൂപയാണെന്ന് ചുവരെഴുത്തുതൊഴിലാളിയായ വിമൽ ഇടുക്കി പറഞ്ഞു.വെള്ള പൂശിയ മതിലുകളാണെങ്കിൽ ദിവസം നാലെണ്ണം വരെ എഴുതാം. മതിലിന്റെ വലിപ്പം നോക്കി ഇതിൽ വ്യത്യാസവും വരാം. മഴ പൂർണ്ണമായും മാറാത്തതുകാരണം പല തൊഴിലാളികളും ചുമരെഴുത്തിന്റെ കാര്യത്തിൽ ആശങ്കയിലാണ്. എന്തായാലും, വാശിയേറിയ തിരഞ്ഞെടുപ്പായതിനാൽ ചുവരെഴുത്തിലും വീറും വാശിയുമുണ്ടാവും.
ഫോട്ടോ അടിക്കുറിപ്പ്
ചുവരെഴുതാനൊരുങ്ങുന്ന വിമൽ ഇടുക്കി