കോട്ടയം: കഴിഞ്ഞവർഷം ഇതേസമയത്ത് 60 രൂപയായിരുന്ന ഒരു വെളുത്തുള്ളിക്ക് ഇപ്പോൾ വില 200. വിളവെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ കാന്തല്ലൂർ വട്ടവടയിലെ കർഷകരും കർഷകത്തൊഴിലാളികളും വലിയ ആവേശത്തിലാണ്. ഈ വില ഓണം വരെ നിലനിന്നാൽ കർഷകരുടെ പോക്കറ്റ് നിറയുമെന്നതിൽ സംശയം വേണ്ട. കാന്തല്ലൂർ വെളുത്തുള്ളിയിൽ തൈലത്തിന്റെ അളവ് കൂടുതലാണ്. അതിനാൽ ആവശ്യക്കാരും ഏറെയാണ്. തമിഴ്നാട്ടിലെ വടുക്‌വെട്ടി, മേട്ടുപ്പാളയം മാർക്കറ്റുകളിലാണ് വെളുത്തുള്ളിക്ക് ആവശ്യക്കാർ ഏറയുള്ളത്.
കാന്തല്ലൂരിലെ നാരാച്ചി പെരൂമല, കീഴാന്തൂർ എന്നിവടങ്ങളിലാണ് വെളുത്തുള്ളിയുടെ വിളവെടുപ്പ് ആരംഭിച്ചത്. മൂന്ന് ടൺ വെളുത്തുള്ളി ഇതിനകം തമിഴ്നാട്ടിലേക്ക് കയറ്റി അയച്ചുകഴിഞ്ഞു. കാന്തല്ലൂരിലെയും കീഴാന്തൂരിലെയും കർഷരായ ദണ്ഡപാണി, ചെല്ലദുരൈ എന്നിവരാണ് മൂന്ന് ടൺ വെളുത്തുള്ളി കയറ്റിവിട്ടത്. എല്ലാചെലവും കഴിഞ്ഞ് കിലോയ്ക്ക് 180 രൂപ ലാഭം ലഭിച്ചുവെന്ന് ഇവർ പറയുന്നു. മാർക്കറ്റിലെ അഞ്ചു ശതമാനം കമ്മീഷനും വാഹനത്തിന്റെയും കൂലി കഴിഞ്ഞാണ് ഈ തുക. കഴിഞ്ഞ ഓണകാലത്ത് 60 മുതൽ 90 രൂപ വരെയാണ് കാന്തല്ലൂരിലെ വെളുത്തുള്ളിക്ക് കർഷകർക്ക് വില ലഭിച്ചത്. ഇത്തവണ പ്രാദേശിക വിപണിയിൽ 260 രൂപവരെ വില ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
വെളുത്തുള്ളിയുടെ വിളവെടുപ്പ് തുടങ്ങിയെങ്കിലും ഹോർട്ടികോർപ്പ് ഇതുവരെ സംഭരണം ആരംഭിച്ചിട്ടില്ല. പ്രളയത്തിൽ ഒലിച്ചുപോയ പെരിയവരൈപ്പാലത്തിന്റെ പുനർ നിർമ്മാണം പൂർത്തിയായിട്ടില്ല. അതിനാൽ തന്നെ ചരക്കുനീക്കവും സുഗമമല്ല. വിളവെടുത്ത ആദ്യ ലോറി തമിഴ്നാട്ടിലേ മേട്ടുപ്പാളയം മാർക്കറ്റിലാണ് വിൽപ്പന നടത്തിയത്.
വിളവെടുപ്പ് ആരംഭിച്ചെങ്കിലും വെളുത്തുള്ളി വിപണിയിലെത്താൻ എട്ട് പത്ത് ദിവത്തോളം വേണ്ടിവരും.വിളവെടുക്കുന്ന വെളുത്തുള്ളി ആദ്യം തോട്ടത്തിൽ ഇലയോടെ കൂട്ടിയടുക്കി വയ്ക്കും. ഇതിനെ പുതയിടൽ എന്നാണ് പറയുന്നത്. തുടർന്ന് ഉണങ്ങിയ ശേഷം തണ്ട് മുറിച്ചുകളഞ്ഞ് മാർക്കറ്റിൽ എത്തിക്കുകയാണ് പതിവ്.
പൂട് രണ്ടുതരം
വെളുത്തുള്ളിയെ പൂട് എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. ഇൻഹേലിയം ഗാർലിക്ക്, റെഡ് ഇൻഹേലിയം ഗാർലിക്ക് എന്നിവയാണ് കാന്തല്ലൂരിൽ കൃഷി ചെയ്തുവരുന്ന വെളുത്തുള്ളി ഇനങ്ങൾ. ഇവയെ മേട്ടുപാളയം പൂട്, സിംഗപ്പൂർ പൂട് എന്നിങ്ങനെയാണ് നാട്ടിൽ അറിയപ്പെടുന്നത്. മറയൂർ മല നിരകളിൽ ലാഭകരമായ ഏക കൃഷിയാണ് വെളുത്തുള്ളി. കാന്തല്ലൂരിൽ പരമ്പരാഗതമായി കൃഷി ചെയ്തുവരുന്ന വെളുത്തുള്ളിക്ക് മറ്റു സ്ഥലങ്ങളിലേതിനേക്കാൾ തൈലത്തിന്റെ അളവും കേടുകൂടാതിരിക്കുന്ന കാലയളവും കൂടുതലാണ്. അതിനാൽ തമിഴ്നാട്ടിലെ മാർക്കറ്റിൽ പോലും മികച്ച വില ലഭിക്കാറുണ്ട്.