ചങ്ങനാശേരി : നഗരത്തിന്റെ ഹൃദയഭാഗത്താണ് റവന്യു ടവർ സ്ഥിതിചെയ്യുന്നത്. എന്നാൽ, അതിനകത്തെ ടോയ്ലറ്റിൽ കയറിയാൽ ഹൃദയം പോലും നിലച്ചുപോകുന്ന അവസ്ഥയാണ് ! അത്രയ്ക്ക് വൃത്തിഹീനവും ദുർഗന്ധ പൂരിതവുമാണ് അവിടം. വിവിധ ആവശ്യങ്ങൾക്കായി ദിവസേന നൂറ് കണക്കിനു ആളുകൾ എത്തുന്ന പൊതുയിടത്തിന്റെ ദുരവസ്ഥയാണിത്.
ടവറിലെ സ്ത്രീകളുടെ ടോയ്‌ലറ്റ് അടച്ചുപൂട്ടിയ നിലയിലും പുരുഷൻമാരുടേത് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലുമാണ്. ടവറിലെ താഴത്തെ നിലയിലെ ടോയ്‌ലറ്റാണ് ആറുമാസം മുന്പ് അടച്ചുപൂട്ടിയത്. എന്നാൽ ഇതുവരെ തുറന്നുകൊടുക്കാനുള്ള നടപടി ഉണ്ടായില്ല. വേതനം നൽകാത്തതിനാൽ ടവറിലെ ശുചീകരണ തൊഴിലാളികൾ പണിമുടക്കിലാണ്. ഇതോടെ ശുചീകരണവും മുടങ്ങി. ആറ് നിലകളുള്ള റവന്യു ടവറിലെ ഒരോ നിലയിലും സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകളുണ്ട്. ആദ്യ രണ്ടു നിലകളിലെ ടോയ്‌ലറ്റുകൾ പൊതുജനങ്ങൾക്കു കൂടി ഉപയോഗിക്കാവുന്നത്. ബാക്കിയുള്ളവ അതത് ഓഫീസുകളിലുള്ളവരാണ് ഉപയോഗിക്കുന്നതും വൃത്തിയാക്കുന്നതും. ഏറ്റവും വൃത്തിഹീനമായി കിടക്കുന്ന താഴത്തെ നിലയിലെ ടോയ്ലറ്റുകളാണ്. മഴത്ത് ടോയ്‌ലറ്റ് ചോർന്നൊലിക്കുന്നതും മാലിന്യം ഒഴുകിയെത്തുന്നതും അത് ദിവസങ്ങളോളം കെട്ടിക്കിടക്കുന്നതും ഇവിടെ പതിവാണ്.
ടോയ്‌ലറ്റിൽ നിന്നുള്ള ദുർഗന്ധം ജീവനക്കാർക്കും പൊതുജനങ്ങൾക്കും സഹിക്കാവുന്നതിലും അപ്പുറമാണ്. ടവറിലെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകളും പൊതുജനങ്ങളുമാണ് ഇതിൽ ഏറെ ദുരിതമനുഭവിക്കുന്നത്.
പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനായി മറ്റു സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. എന്നാൽ, ഓരോ സ്ഥാപനങ്ങളും ടോയ്‌ലറ്റുകളിൽ താക്കോൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, പൊതുജനങ്ങൾക്കും താഴത്തെ നിലയിലെ ജീവനക്കാർക്കും ഉപയോഗിക്കാൻ കഴിയില്ല. അടച്ചുപൂട്ടിയ ടോയ്‌ലറ്റ് തുറന്നു കൊടുക്കാനും മറ്റുള്ള വൃത്തിയാക്കാനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ശക്തമായി ആവശ്യം ഉയരുന്നുണ്ടെങ്കിലും അധികൃതർ മൗനം പാലിക്കുകയാണ്.
പുരുഷൻമാരുടെ ടോയ് ലറ്റ് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പൈപ്പ് ബ്ലോക്കായി മലിനജലം കെട്ടിക്കിടക്കുകയാണ്. ടാപ്പിൽ നിന്നുള്ള വെളളം ചോർന്നൊലിക്കുന്നുണ്ട്. രൂക്ഷമായ ഗന്ധമാണ് ഇവിടെ നിന്നും ഉയരുന്നത്. രണ്ടാമത്തെ നിലയിലെ ടോയ്‌ലറ്റും വൃത്തിഹീനമായതിനാൽ ഇതും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അതിനാൽ
എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ടവറിലെ ജീവനക്കാരും വിവിധ ആവശ്യങ്ങളുമായി എത്തുന്ന ജനങ്ങളും.