ksu

ചങ്ങനാശേരി: ആലപ്പുഴയിൽ നിന്ന് ചങ്ങനാശേരി വഴി കോട്ടയത്തേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ് മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയത് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാരെ വലയ്ക്കുന്നു.

ദിവസവും രാവിലെ 8 നും 8.30 നുമായി രണ്ട് ഓർഡിനറി ബസുകളാണ് ആലപ്പുഴ ട്രാൻ. ഡിപ്പോയിൽ നിന്ന് കോട്ടയത്തേയ്ക്ക് സർവീസ് നടത്തിയിരുന്നത്. ഇതിൽ 8.30ലെ ബസാണ് റദ്ദാക്കിയത്.

ഇതോടെ ആദ്യബസിലെ തിരക്ക് വർദ്ധിക്കുകയും പല വിദ്യാർത്ഥികൾക്കും കൃത്യ സമയത്ത് വിദ്യാലയങ്ങളിൽ എത്തിചേരാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.

തിരക്ക് കാരണം ബസ്സിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്കു പറ്റിയ സംഭവം വരെ ഉണ്ടായിണ്ട്. ഓർഡിനറി ബസുകളിൽ മാത്രമേ വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കുകയുള്ളൂ എന്നതിനാൽ ഈ രണ്ട് ബസുകളെയാണ് വിദ്യാർത്ഥികൾ പ്രധാനമായും ആശ്രയിക്കുന്നത്.

ഇക്കാര്യത്തിൽ അധികാരികളുടെ ശ്രദ്ധ അടിയന്തരമായി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സി.എഫ് തോമസ് എം.എൽ.എയ്ക്ക് നിവേദനം നൽകി. കെ. എസ്. യു ചങ്ങനാശേരി ബ്ലോക്ക്പ്രസിഡന്റ് ഫാദിൽ എം ഷാജി, അർജുൻ കെ.ആർ,നോബിൾ ജോസഫ് എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നു.