കോട്ടയം : ജില്ലയിലെ വിവിധ സ്‌പെഷ്യൽ സ്‌കൂളുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി ലഭിക്കേണ്ട പ്രതിവർഷ സ്‌കോളർഷിപ്പ് ഈ അദ്ധ്യായന വർഷം വിതരണം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസി‌ഡന്റ് അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

പല ഗ്രാമ പഞ്ചായത്തുകളിൽ നിന്നും സ്കോളർഷിപ്പ് ലഭിക്കുന്നില്ലെന്ന പരാതിയുമായി ഭിന്നശേഷിക്കാരായ കുട്ടികളുള്ള മാതാപിതാക്കളുടെ സംഘടന 'പെയ്ഡ്' ജില്ലാ ഭാരവാഹികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്കിയിരുന്നു. ഇതേ തുടർന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്യത്തിൽ ബന്ധപെട്ടവരുടെ യോഗം വിളിച്ചുകൂട്ടി വിഷയം ചർച്ച ചെയ്തു. ഈ അദ്ധ്യായന വർഷംതന്നെ സർക്കാർ ഉത്തരവ് പ്രകാരമുള്ള പ്രതിവർഷ സ്‌കോളർഷിപ്പ് 28500 രൂപ പ്രകാരം ജില്ലയിലെ എല്ലാ ഭിന്നശേഷിക്കാരായ കുട്ടികൾക്കും ലഭിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ഇതിനായി ഗ്രാമപഞ്ചായത്തുകൾക്ക് വിഹിതം നല്കുന്നതിനായി ഒരു കോടി രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തി.

പ്രസിഡന്റ് അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അനിത രാജു അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി, മെമ്പർ കെ. രാജേഷ്, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സാമൂഹ്യനീതി ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും, 'പെയ്ഡ്' ഭാരവാഹികളായ കെ. ജോണി, സൂസമ്മ രാജൻ, ജെന്നി തോമസ്, ജെയ്ൻ, ബേബി തോമസ് എന്നിവരും പങ്കെടുത്തു.