കോട്ടയം: ഓട്ടോറിക്ഷകൾ അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ വ്യാപകമായ സാഹചര്യത്തിൽ
സെപ്തംബർ ഒന്നു മുതൽ ജില്ലയിൽ മീറ്റർ നിർബന്ധമാക്കുമെന്ന കളക്ടറുടെ തീരുമാനത്തിന് പിന്നാലെ ചർച്ചയാകുന്നത് നഗരത്തിലെ പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകളുടെ ഓട്ടം. ഇത്തരം ഓട്ടോറിക്ഷകൾ അമിതമായി കൂലി ഈടാക്കുന്നതായാണ് പരാതി. ടിബി റോഡിൽ നിന്നും പഴയ പച്ചക്കറി മാർക്കറ്റിനു മുന്നിലെ റോഡിലാണ് ടൗൺ പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകൾ നഗരത്തിൽ പാർക്ക് ചെയ്യുന്നത്.
നഗരത്തിലെ അംഗീകൃത സ്റ്റാൻഡുകളിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ടൗൺ പെർമിറ്റുണ്ട്. ഇവരിൽ 90 ശതമാനവും മാന്യമായാണ് സർവീസ് നടത്തുന്നത്. എന്നാൽ, പെർമിറ്റില്ലാതെ ഔദ്യോഗികമല്ലാതെ സ്റ്റാൻഡുകളിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ അമിത കൂലി ഈടാക്കുന്നതായാണ് ആക്ഷേപം.
നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് മീറ്റർ സ്ഥാപിക്കുന്നതിനോടൊപ്പം പെർമിറ്റില്ലാതെ അനധികൃതമായി സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ കണ്ടെത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നഗരത്തിൽ 2700 ലധികം പെർമിറ്റുള്ള ഓട്ടോറിക്ഷകളുണ്ടെന്നും, ആയിരത്തോളം ഓട്ടോറിക്ഷകൾ പെർമിറ്റില്ലാതെ സർവീസ് നടത്തുന്നുണ്ടെന്നും മോട്ടോർ വാഹന വകുപ്പും പൊലീസും അഞ്ചു വർഷം മുൻപ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, പെർമിറ്റില്ലാത്ത വാഹനങ്ങളുടെ കാര്യത്തിൽ റോഡ് സുരക്ഷാ അതോറിട്ടി അഞ്ചു വർഷം കഴിഞ്ഞിട്ടും തീരുമാനം എടുത്തിട്ടില്ല.
പാർക്കിംഗും നഗരത്തെ കുരുക്കിലാക്കും
ടിബി റോഡിൽ നിന്നും മാർക്കറ്റിനുള്ളിലെ പാർക്കിംഗ് മൈതാനത്തേയ്‌ക്കുള്ള റോഡിൽ നിലവിൽ വൻ ഗതാഗതക്കുരുക്കാണ്. ഇവിടെയാണ് അനധികൃത ഓട്ടോസ്റ്റാൻഡുകളിൽ ഒന്ന്. ഈ സ്റ്റാൻഡിനെ കൂടാതെ റോഡിന്റെ പ്രവേശന കേന്ദ്രത്തിൽ തന്നെയുള്ള അനധികൃത പാർക്കിംഗും റോഡിനെ കുരുക്കിലാക്കുന്നുണ്ട്. തിയേറ്ററിലും, ടിബി റോഡിലെ ഷോപ്പിംഗ് സെന്ററിലും തിരക്ക് വർദ്ധിക്കുമ്പോൾ ഇതിന് അനുസരിച്ച് ഈ റോഡിലും തിരക്കേറും. ഇതും പ്രദേശത്തെ കുരുക്കിലാക്കുന്നു.