വൈക്കം: മേല്പത്തൂർ നാരായണ ഭട്ടതിരിയാൽ രചയിതമായ നാരായണീയം പാരായണം ചെയ്യുന്നത് മനുഷ്യമനസ്സുകളിൽ അഹങ്കാരത്തിന്റെ ഇരുട്ടിനെ അകറ്റി വിനയത്തിന്റെ വെളിച്ചം പരത്തുമെന്ന് സിവിൽ സപ്ലൈസ് കോർപ്പറേഷൻ എം.ഡി. കെ.എൻ.സതീഷ് ഐ.എ.എസ് പറഞ്ഞു. ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഡിസംബർ 12 മുതൽ 22 വരെ നടക്കുന്ന 37-ാമത് അഖിലഭാരത ഭാഗവത സത്രത്തിന് മുന്നോടിയായുള്ള 108 ദിവസത്തെ നാരായണീയ പാരായണ വേദിയിൽ മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവന്ന ദീപം സ്ഥാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെമ്മനത്ത് ശ്രീകൃഷ്ണ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സത്ര നിർവഹണസമിതി വർക്കിംഗ് ചെയർമാൻ ബി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ചീഫ് കോ-ഓർഡിനേറ്റർ പി.വി. ബിനേഷ്, സത്രസമിതി വൈസ് ചെയർമാൻ സോമൻ തറയിൽ, ശിവദാസ് നാരായണൻ, നാരായണ സമിതി കോ-ഓർഡിനേറ്റർ വിജയലക്ഷ്മി, നാരായണ സമിതി കൺവീനർ മായാ രാജേന്ദ്രൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.എൻ. രാധാകൃഷ്ണൻ, ഘോഷയാത്ര കമ്മിറ്റി കൺവീനർ കെ.പി.ദിനേഷ്‌കുമാർ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ രാഗേഷ്.ടി.നായർ സ്വാഗതവും നാരായണീയ പാരായണ സമിതി ചെയർപേഴ്സൺ ബീന അനിൽകുമാർ നന്ദിയും പറഞ്ഞു.