തലയോലപ്പറമ്പ് : മൂവാറ്റുപുഴയാറിന്റെ തീരം ഇടിച്ചിൽ വ്യാപകമായതോടെ തീരവാസികൾ ഭീതിയിൽ. തലയോലപ്പറമ്പ്, മറവൻതുരുത്ത്, വെള്ളൂർ, ചെമ്പ് ഉദയനാപുരം പഞ്ചായത്തുകളിലെ നൂറ് കണക്കിന് കുടുംബങ്ങൾ തീരമിടിച്ചിൽ മൂലം ഭീഷണി നേരിടുന്നു. വെട്ടിക്കാട്ട്മുക്ക് പാലം മുതൽ പാലാംകടവ് പാലം വരെയുള്ള ഭാഗത്ത് തീരമിടിയുന്നത് വ്യാപകമാണ്. മിഠായിക്കുന്നം, വരിക്കാംകുന്ന്, ഇടവട്ടം, വെള്ളൂർ, ചിറേക്കടവ്, വൈക്കപ്രയാർ ഭാഗങ്ങളിൽ തുടർച്ചയായി തീരം ഇടിച്ചിൽ ഉണ്ടായത് മൂലം പ്രദേശവാസികൾ ഏറെ ആശങ്കയിലാണ്. വീടിന് സമീപം വരെ പുഴ കവർന്നതോടെ ഭീതിയിലായ പ്രദേശത്തെ നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലും മറ്റുമാണ് അഭയം കണ്ടെത്തുന്നത്. പ്രളയകാലത്ത് ആറ്റുതീരം കൂടുതൽ ഇടിഞ്ഞതോടെ നിരവധി വീടുകൾക്ക് വിള്ളൽ വീണു. പല വീടുകളുടെയും പുഴയുമായുള്ള അകലം ഒരുമീറ്ററിൽ താഴെയാണ്. ചില വീടുകൾ ഏത് നിമിഷവും പുഴയിലേയ്ക്ക് ഇടിയുന്ന നിലയിലാണ്. തീരമിടിച്ചിൽ ഭീഷണി നേരിടുന്ന കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്. തീരമിടിച്ചിൽ രൂക്ഷമായ മൂവാറ്റുപുഴയാറിന്റെ വിവിധ ഭാഗങ്ങളിലെ ആറ്റുതീരം കരിങ്കൽ കെട്ടി സംരക്ഷിക്കണമെന്ന് പ്രദേശവാസികൾ പതിറ്റാണ്ടുകളായി ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും ഇറിഗേഷൻ വകുപ്പ് ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും ആക്ഷേപമുണ്ട്.
കാർഷിക വിളകളും നശിച്ചു
നിരവധി പേരുടെ പുരയിടത്തിൽ നിന്ന് കായ്ഫലമുള്ള തെങ്ങുകൾ, ആഞ്ഞിലി, പ്ലാവ് തുടങ്ങിയ മരങ്ങൾ പുഴയിലേയ്ക്ക് ഇടിഞ്ഞ് താഴ്ന്ന് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. വ്യാപകമായി തീരം ഇടിഞ്ഞതോടെ പ്രദേശവാസികളുടെ കാർഷിക വിളകളായ ജാതി, തെങ്ങ്, വാഴ ഉൾപ്പടെയുള്ളവ പുഴയിലേക്ക് ഇടിഞ്ഞ് പോയതും കർഷകരെ ദുരിതത്തിലാക്കി.