thakoldanam

തലയോലപ്പറമ്പ് : പ്രളയത്തിൽ വീട് തകർന്ന നിർദ്ധന കുടുംബത്തിന് ഭാരതീയ വിദ്യാഭവൻ വീട് നിർമ്മിച്ച് നൽകി. കഴിഞ്ഞ പ്രളയത്തിൽ വാസയോഗ്യമല്ലാത്ത വിധം വീട് തകർന്ന വൈക്കം നടുവിലെ വില്ലേജിൽ തൊട്ടുചിറ വീട്ടിൽ വിജയകുമാറിനാണ് ഭാരതീയ വിദ്യാഭവൻ വീട് നിർമ്മിച്ച് നൽകിയത്. നിർമ്മാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ദാനം ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ചീഫ് അക്കൗണ്ട് ഓഫിസർ പി.എം.വെങ്കിട്ടരാമൻ നിർവഹിച്ചു. കൊച്ചി കേന്ദ്ര സ്‌നേഹക്കൂടാരം പദ്ധതി പ്രകാരം പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കു വേണ്ടി നിർമ്മിച്ച് നൽകുന്ന എട്ടാമത്തെ വീടാണിത്. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ.രാമൻ കുട്ടി, ബാവൻസ് സ്‌കൂൾ പ്രിൻസിപ്പൽ എൻ.എ.വിജയലക്ഷ്മി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 2 സെന്റ് മുതൽ 3 സെന്റ് വരെ സ്ഥലം ഉള്ളവർക്കാണ് സ്‌നേഹ കൂടാരം പദ്ധതി പ്രകാരം വീടുകൾ നിർമ്മിച്ച് നൽകുന്നത്. പ്രളയത്തിൽ വിജയകുമാറിന്റെ വീട് വാസയോഗ്യമല്ലാതായി മാറിയതോടെ ബാവൻസ് സ്‌കൂൾ നൽകിയ താത്കാലിക ഭവനത്തിൽ ആയിരുന്നു വിജയകുമാറും കുടുംബവും നിലവിൽ താമസിച്ചിരുന്നത്.