കോട്ടയം: പാല ഉപതിരഞ്ഞെടുപ്പിലേയ്ക്കുള്ള ആദ്യ പത്രിക പരാജയ മോഹിയുടെ വക. തമിഴ്നാട് മേട്ടൂർഡാം സ്വദേശി ഡോ.കെ. പത്മരാജനാണ് വരണാധികാരി കോട്ടയം ആർ.ആർ. ഡെപ്യൂട്ടി കളക്ടർ മുമ്പാകെ ഇന്നലെ രാവിലെ പത്രിക സമർപ്പിച്ചത്.

പഞ്ചായത്ത് മുതൽ പാർലമെന്റുവരെ സ്ഥാനാർത്ഥിയായും രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥി മോഹിയായും പത്രിക സമർപ്പിച്ച് ഇരുനൂറിലേറെ പരാജയങ്ങൾ ഏറ്റുവാങ്ങിയാണ് പത്മരാജൻ പാലായിൽ എത്തിയിരിക്കുന്നത്. ഇവിടെ 205 ാമത്തെ പരാജയമാണ് ലക്ഷ്യം. ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് തോൽവികൾ ഏറ്റുവാങ്ങിയ വ്യക്തിയെന്ന ലോകറെക്കോഡ് സ്വന്തമാക്കാനാണ് ലക്ഷങ്ങൾ ചെലവഴിച്ചുള്ള ഈ പടപ്പുറപ്പാട്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്ക് മത്സരിക്കണമെങ്കിൽ 100 എം.പി മാരുടെ പിന്തുണ വേണമെന്ന് അറിയാമെങ്കിലും അതില്ലാതെ നാമനിർദ്ദേശ പത്രിക നൽകും. ഒന്നും രണ്ടുമല്ല, പത്ത് തവണ ഇങ്ങനെ രാജ്യത്തിന്റെ പരമോന്നത പദവിയിലേക്കുള്ള സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടു. തള്ലുമെന്ന് ഉറപ്പായിട്ടും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധിതവണ രാജ്യസഭയിലേക്കും പത്രിക സമർപ്പിച്ചു. അതത് പ്രദേശത്തെ വോട്ടർപട്ടികയിൽ പേര് ഉണ്ടാവുക എന്ന അടിസ്ഥാന യോഗ്യതപോലും പരിഗണിക്കാതെ പഞ്ചായത്ത് അംഗം, നഗരസഭ കൗൺസിലർ, ചെയർമാൻ, മേയർ, സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗം, എം.എൽ.സി, എം.എൽ.എ, എം.പി സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ ഇറങ്ങിത്തിരിച്ച വീരചരിതവും പത്മരാജനുണ്ട്. 1994 ൽ മൂന്നര വയസ് മാത്രം പ്രായമുണ്ടായിരുന്ന മകന്റെ പേരിൽ തമിഴ്നാട്ടിലെ പെരുന്തുറൈ ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടത് മറ്റൊരുകഥ.

ജന്മംകൊണ്ട് തമിഴ്നാട്ടുകാരനെങ്കിലും കണ്ണൂരുമായി ബന്ധമുള്ള പത്മരാജൻ കേരളത്തിൽനിന്ന് 5 തവണ ലോക്സഭയിലേക്കും 10 തവണ അസംബ്ലിയിലേക്കും സ്ഥാനാർത്ഥിയായിട്ടുണ്ട്. സംസ്ഥാനത്ത് ഒഴിവുവരുന്ന രാജ്യസഭസീറ്റുകളിൽ അവസരംതേടി 11 തവണ പത്രികസമർപ്പിച്ചെങ്കിലും സ്ഥാനാർത്ഥിപ്പട്ടികയിൽ ഇടംകിട്ടിയില്ല. 'ജയിക്കരുത്' എന്ന് ആ‌ത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് സ്ഥലംവിടുന്ന പത്മരാജനെ രണ്ടുതവണ വോട്ടർമാർ ഞെട്ടിക്കുകയും ചെയ്തു. 2011 ൽ തമിഴ്നാട്ടിലെ മേട്ടൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ 6273 വോട്ടും കഴിഞ്ഞ ലോക്സഭതിരഞ്ഞെടുപ്പിൽ വയനാട് സീറ്റിൽ ആയിരത്തിലേറെ വോട്ടും നാട്ടുകാർ നൽകി.!