കോട്ടയം: പാലായിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വരെ ഇരു വിഭാഗവും യോഗം ചേരുകയോ പരസ്യ പ്രസ്താവന നടത്തുകയോ ചെയ്യരുതെന്ന നിർദ്ദേശം യു.ഡി.എഫ് യോഗത്തിൽ നൽകിയെങ്കിലും ജോസ് - ജോസഫ്
വിഭാഗങ്ങൾ അത് ലംഘിച്ച് പാലായിലും കോട്ടയത്തും യോഗം ചേർന്നു.
നിഷ ജോസ് കെ. മാണിയെ വെട്ടാൻ ജനസമ്മതിയുള്ള നേതാവായി ജോസഫ് കൊണ്ടു വന്ന ഇ.ജെ. അഗസ്തിയുടെ പേര് ജോസ് വെട്ടിയതോടെ വിപ്പും ചിഹ്നവും നൽകാൻ അധികാരമുണ്ടെന്ന് അവകാശപ്പെടുന്ന ജോസഫ് മുഖം തിരിച്ചു നിൽക്കുകയാണ്. ജനപിന്തുണയുള്ള സ്ഥാനാർത്ഥി ഉണ്ടാവുമെന്ന് ഇരു ഗ്രൂപ്പ് നേതാക്കളും പ്രഖ്യാപിച്ചുവെങ്കിലും ഇതിനായി ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചർച്ച നടത്താൻ തയ്യാറായിട്ടില്ല. പത്രികാ സമർപ്പണം ഇന്നലെ ആരംഭിച്ചു. ഇടതു മുന്നണി സ്ഥാനാർത്ഥിയായി മാണി സി. കാപ്പനെ പ്രഖ്യാപിച്ചിട്ടും സ്ഥാനാർത്ഥിക്കായി യു.ഡി.എഫ് ഇരുട്ടിൽ തപ്പുന്ന സ്ഥിതിയാണുള്ളത്.
ജോസ് വിഭാഗം നാളെ കോട്ടയത്തുള്ള നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി കാര്യത്തിൽ അന്തിമ തീരുമാനം ഈ യോഗത്തിൽ ഉണ്ടായേക്കും. ജയസാദ്ധ്യത കണക്കിലെടുത്ത് മാണി കുടുംബത്തിൽ നിന്നുള്ള സ്ഥാനാർത്ഥി മതിയെന്ന നിലപാടിലാണ് മറ്റു നേതാക്കൾ. ഒന്നുകിൽ നിഷ അല്ലെങ്കിൽ രാജ്യസഭാംഗത്വം രാജിവച്ച് ജോസ് സ്ഥാനാർത്ഥിയാകണമെന്നാവശ്യപ്പെടുന്നവരുടെ എണ്ണമേറെയാണ്.
ജോസഫ് വിഭാഗവും സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടുണ്ട്. യു.ഡി.എഫ് നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്കു ശേഷം പേര് വെളിപ്പെടുത്തു മെന്നാണ് ഉന്നത നേതാവ് അറിയിച്ചത്. കോട്ടയത്ത് ചൊവ്വാഴ്ച രാത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളുടെ യോഗം ചേർന്ന് പാലാ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനം ചർച്ചചെയ്തു. ഇന്നലെ ജില്ലാ യു.ഡി.എഫ് യോഗം ചേർന്നു. ജോസ് കെ. മാണി പങ്കെടുത്തില്ല. ജോസഫ് വിഭാഗത്തിൽ നിന്ന് മോൻസ് ജോസഫും ജോയി എബ്രഹാമും പങ്കെടുത്തിരുന്നു.