കോട്ടയം: പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടതായി ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. യു.ഡി.എഫ്. ഭരണകാലത്ത് ആരംഭിച്ച ഓണകിറ്റ് വിതരണം പോലും സർക്കാർ നിറുത്തലാക്കി. നീതി - മാവേലി സ്റ്റോറുകളിൽ അരി അടക്കമുള്ള അവശ്യ സാധനങ്ങൾ ലഭ്യമല്ല. കരാറുകാരൻ പിൻവാങ്ങിയതിനാൽ അരി ലഭിയ്ക്കുന്നില്ലെന്നാണ് ഉപഭോക്താക്കളോട് ജീവനക്കാർ പറയുന്നത്. ജില്ലയിലെ പൊതുവിതരണ രംഗത്താകെ വൻ അഴിമതിയാണ് നടക്കുന്നത്. ചങ്ങനാശ്ശേരിയിൽ സപ്ലൈകോ ഗോഡൗണിൽ നിന്നും 13 ലോഡ് അരി കാണാതായ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണം. ഉപയോഗശൂന്യമായ അരി റേഷൻ കടകളിൽ കൂടി വിറ്റഴിച്ച് ഉന്നതഉദ്യോഗസ്ഥർ പണം തട്ടിയത് ഗുരുതരമായ സംഭവമാണ്. പൊതുജന ആരോഗ്യം പോലും കണക്കിലെടുക്കാതെ കേടായ ഭക്ഷ്യധാന്യങ്ങൾ പൊതുവിതരണ കേന്ദ്രങ്ങളിലൂടെ വിറ്റഴിക്കാൻ നിർദ്ദേശം നല്കിയ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.