കോട്ടയം: ജില്ലാ ഫു‌ട്ബോൾ അസോസിയേഷന്റെ ലോഗോ പ്രകാശനവും അനുമോദനവും സെപ്തംബർ ഒന്നിന് രാവിലെ 10.30 ന് നാഗമ്പടം സീസർ പാലസ് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ലോഗോ പ്രകാശനം ചെയ്യും. ഡ്യൂറന്റ് കപ്പ് ജേതാക്കളായ ഗോകുലം എഫ്.സി താരം ജസ്റ്റിൻ ജോർജ്, ഗോകുലം മുൻ കോച്ചും ടെക്‌നിക്കൽ ഡയറക്‌ടറുമായ ബിനോ ജോർജ് എന്നിവരെ യോഗത്തിൽ ആദരിക്കും. ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ മുൻ സെക്രട്ടറി ടി.കെ ഇബ്രാഹിംകുട്ടി, ബസേലിയസ് കോളേജ് പ്രിൻസിപ്പൽ ബിജു തോമസ് എന്നിവരെയും ജില്ലാ ഫു‌ട്‌ബോളിനു നൽകിയ സമഗ്ര സംഭാവനയുടെ പേരിൽ ആദരിക്കും. തുടർച്ചയായി ആറു വർഷം സംസ്ഥാന സീനിയർ ഫു‌ട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനൽ കളിച്ച ജില്ലാ ടീം അംഗങ്ങൾക്കുള്ള സ്വീകരണവും യോഗത്തിൽ നടക്കും. ജില്ലയിലെ ഫുട്‌ബോൾ വികസനം ലക്ഷ്യമിട്ടുള്ള സമഗ്ര പദ്ധതികൾ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് കമറുദീൻ അറയ്‌ക്കൽ പ്രഖ്യാപിക്കും.