കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് പത്രികാ സമർപ്പണമാരംഭിച്ച ദിവസം തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ഇടതു മുന്നണി പ്രചാരണത്തിൽ മികച്ച തുടക്കം നേടി. കേരളകോൺഗ്രസ് ജോസ്-ജോസഫ് വിഭാഗങ്ങൾക്ക് പൊതുസമ്മതനായ സ്ഥാനാർത്ഥിയെ ഇനിയും കണ്ടെത്താനായില്ല . ഇരുവിഭാഗവും രഹസ്യയോഗം ചേർന്ന് പല പേരുകളും ചർച്ച ചെയ്ത്, വെട്ടും മറുവെട്ടുമായി നീങ്ങുന്നതിനപ്പുറം ചർച്ചയിലൂടെ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കം ഇനിയും ആരംഭിച്ചിട്ടില്ല. ശനിയാഴ്ചയോടെ ധാരണ ഉണ്ടായേക്കുമെന്നാണ് യു.ഡി.എഫ് നേതാക്കൾ നൽകുന്ന സൂചന.
എൻ.സി.പി സ്ഥാനാർത്ഥിയായി നാലാം തവണയും മാണി സി. കാപ്പനെ തിരഞ്ഞെടുക്കുന്നതിൽ ചെറിയ എതിർപ്പ് ഉണ്ടായെങ്കിലും പാർട്ടിയിൽ നിന്ന് പുറത്തായവരാണ് എതിർപ്പിന് പിന്നിലെന്ന് സ്ഥാപിച്ച് അതെല്ലാം മറികടന്നാണ് സംസ്ഥാന നേതൃത്വം തീരുമാനമെടുത്തത്. തന്നെ പിന്തുണയ്ക്കുന്നവരുടെ യോഗം പാലായിൽ വിളിച്ച് നേരത്തേ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത് കാപ്പന് ഗുണമായി. എൻ.സി.പിയിൽ നിന്ന് മറ്റൊരു പേര് ഉയർന്നുവരാതിരിക്കാൻ വഴിയൊരുക്കിയതിന് പുറമേ സീറ്റ് ഏറ്റെടുത്ത് പൊതു സ്വതന്ത്ര സ്ഥാനാർത്ഥിയെ കൊണ്ടു വരാനുള്ള സി.പി.എം നീക്കം പൊളിക്കാനും കഴിഞ്ഞു. തുടർച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളിൽ കെ.എം.മാണിയുടെ ലീഡ് കുറച്ചുകൊണ്ടു വന്ന് 4703 ൽ വരെ എത്തിച്ചതാണ് മാണിയുടെ മരണ ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ കാപ്പന് സ്ഥാനാർത്ഥിത്വം ലഭിക്കുന്നതിന് സഹായകമായത് .വോട്ടർമാരുടെ മുന്നിൽ ഒരു പരിചയപ്പെടുത്തലും സിനിമാ നിർമ്മാതാവും നടനുമായ കാപ്പന് ആവശ്യമില്ല എന്നതും അനുകൂലഘടകമായി.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരി വീണ്ടും മത്സരിക്കുമെന്ന പ്രചാരണം നിലനിൽക്കുന്നതിനിടയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയാകാൻ ഘടക കക്ഷികളുടെ സമ്മർദ്ദവുമേറി. ലോക് സഭാ തിരഞ്ഞെടുപ്പിൽ മാണി സഹതാപതരംഗം മറികടന്ന് പാലായിൽ എൻ.ഡി.എക്ക് 27000 വോട്ടോളം നേടിയെടുത്ത പി.സി.തോമസ് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ട്. ഇന്നലെ ചേർന്ന ബി.ഡി.ജെ.എസ് കൗൺസിൽ യോഗം പാലാ സീറ്റിന് അവകാശവാദമുന്നയിക്കാൻ തീരുമാനിച്ചു. 54 വർഷമായി പാലായെ പ്രതിനിധീകരിച്ച കെ.എം.മാണിയുടെ വികസന പ്രവർത്തനങ്ങളുടെ യഥാർത്ഥ ഗുണം കിട്ടിയത് ഒപ്പം നിന്ന ഏതാനും നേതാക്കൾക്ക് മാത്രമായിരുന്നുവെന്ന് കൗൺസിൽ ആരോപിച്ചു. ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പഞ്ചായത്തു ബൂത്ത് തല യോഗങ്ങൾ വിളിച്ച് ഗൃഹസന്ദർശനം വേഗത്തിലാക്കും. ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബിഡ്സൺ മല്ലിക ശ്ശേരി അദ്ധ്യക്ഷത വഹിച്ചു.