mujeeb

അടിമാലി: മറികടന്ന് പോകാൻ അനുവദിച്ചില്ലെന്നാരോപിച്ച് കെഎസ്ആർടി ബസ് തടഞ്ഞ് നിർത്തി ഡ്രൈവറെ മർദ്ദിച്ചതായി പരാതി.സംഭവത്തെ തുടർന്ന് മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരനും മുരിക്കുംതൊട്ടി സ്വദേശിയുമായ മുജീബ് അടിമാലി താലൂക്കാശുപത്രിയിൽ ചികത്സ തേടി.കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിൽ വാളറക്ക് സമീപം വച്ച് ബസ് തടഞ്ഞ് നിർത്തി ഏതാനുംപേർ ചേർന്ന് മർദ്ദിച്ചതായാണ് മുജീബിന്റെ പരാതി.കോതമംഗലത്തു നിന്നും അടിമാലിക്ക് വരുന്നതിനിടയിൽ മറികടന്ന് പോകാൻ അനുവദിച്ചില്ലെന്ന പേരിൽ കാർയാത്രികരായ ചിലർ വഴിയിലുടനീളം ഡ്രൈവിംഗിന് തടസ്സം സ്യഷ്ടിച്ചതായും, നേര്യമംഗലത്തു വച്ച് ബസ് തടഞ്ഞ് നിർത്തി അസഭ്യ വർഷം നടത്തിയതായും മുജീബ് പറഞ്ഞു.തുടർന്ന് ഇവർ ഫോണിലൂടെ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വാളറയിൽ വച്ച് ഒരു പറ്റം ആളുകൾ ചേർന്ന് ബസ് തടഞ്ഞ് തന്നെ മർദ്ദിച്ചുവെന്ന് മുജീബ് പറയുന്നു.സംഭവത്തെ തുടർന്ന് മൂന്നാറിലേക്കുള്ള കെഎസ്ആർടിസി ബസിന്റെ സർവ്വീസ് വാളറയിൽ അവസാനിപ്പിച്ചു.നേര്യമംഗലം വനത്തിനുള്ളിൽ വച്ചും ബസ് തടഞ്ഞ് നിർത്താൻ ചിലർ ശ്രമം നടത്തിയതായി പരാതിയുണ്ട്.വാളറയിൽ വാഹനം തടഞ്ഞ് നിർത്തിയതിന് തൊട്ട് പിന്നാലെ കാർയാത്രികരായവർ സംഭവ സ്ഥലത്തെത്തി തനിക്ക് നേരെ അസഭ്യവർഷം നടത്തിയതായും അടിമാലി താലൂക്കാശുപത്രിയിൽ ചികത്സയിൽ കഴിയുന്ന മുജീബ് പറഞ്ഞു.രാവിലെ മൂന്നാറിൽ നിന്നും എറണാകുളത്തിന് പോയ ശേഷം തിരികെ മൂന്നാറിലേക്ക് മടങ്ങവെയാണ് ദേശിയപാതയിൽ വച്ച് പരാതിക്കാസ്പദമായി സംഭവം നടന്നത്.അടിമാലി പൊലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.

ചിത്രം: ആശുപത്രിയിൽ കഴിയുന്ന മുജീബ്.