കോട്ടയം: ബൈക്കിലെത്തിയ ഗുണ്ടാ സംഘം വീടിനുള്ളിൽ കയറി ഗൃഹനാഥന്റെ കാൽ തല്ലിയൊടിച്ചു. പാമ്പാടി മീനടം കുറ്റിക്കൽ വെള്ളക്കൂട്ടിൽ സാബു ചാക്കോയുടെ (67) കാലാണ് ഗുണ്ടാ സംഘം തല്ലിയൊടിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് വീടിനുള്ളിൽ അതിക്രമിച്ച് കയറിയ ശേഷം ആക്രമണം നടത്തിയത്. നാലു മാസത്തോളമായി അസുഖബാധിതനായി വീടിനുള്ളിൽ തന്നെ കഴിയുകയാണ് സാബു. വീടിനു മുന്നിലെത്തിയ അക്രമി സംഘം വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയ ശേഷം സാബുവിനെ ചവിട്ടി വീഴ്‌ത്തിയ ശേഷം കമ്പിവടി കൊണ്ട് കാൽ തല്ലി ഒടിക്കുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേയ്‌ക്കും ഗുണ്ടാ സംഘം രക്ഷപെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ സാബുവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സംഭവം നടക്കുന്നതിന് തൊട്ടുമുൻപാണ് ഏറ്റവും ഇളയ മകൻ വീട്ടിൽ നിന്നും ബെംഗളൂരുവിലേയ്‌ക്കു പോകുന്നതിനായി പോയത്. വെള്ളക്കൂട്ടിൽ വീട് ചോദിച്ചെത്തിയ അക്രമി സംഘമാണ് ആക്രമണം നടത്തിയതെന്നു പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ യു.ശ്രീജിത്ത് അറിയിച്ചു. ആളുമാറി ആക്രമണം നടത്തിയതാണ് എന്ന് പൊലീസ് സംശയിക്കുന്നു.