കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തിൽ വാട്ടർ അതോറിട്ടിയുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ജനരോക്ഷം പുകയുന്നു. മൂന്നര പതിറ്റാണ്ടായി വാട്ടർ അതോറിട്ടിയുടെ കീഴിൽ നടന്നുവന്ന കുടിവെള്ള വിതരണം ജലനിധിക്ക് കൈമാറാനുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമാണ് വിവാദമായിരിക്കുന്നത്. സ്വന്തമായി ജലസ്രോതസ് ഇല്ലാത്തതിനാൽ വാട്ടർ അതോറിട്ടിയുടെ വെള്ളം വിലകൊടുത്തു വാങ്ങി ഇരട്ടിവിലയ്ക്ക് ഉപഭോക്താക്കൾക്ക് നൽകാനാണ് ജലനിധിയുടെ പദ്ധതി.
2014ലാണ് അയ്മനം പഞ്ചായത്തിൽ ജലനിധി പദ്ധതി ആരംഭിക്കുന്നത്. അന്ന് ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ് വാട്ടർ അതോറിട്ടി കുടിവെള്ളം അയ്മനത്ത് ലഭിച്ചിരുന്നത്. സ്വന്തമായി ജലസ്രോതസ് ഉണ്ടെന്നും ഇടതടവില്ലാതെ 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കുമെന്നും വാഗ്ദാനം നൽകി ജലനിധി എത്തിയപ്പോൾ നാട്ടുകാർ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. പദ്ധതിയിൽ ചേർന്ന ഗുണഭോക്താക്കളിൽ നിന്ന് 4000 രൂപവീതം പിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ പണപ്പിരിവ് കഴിഞ്ഞപ്പോഴാണ് സ്വന്തമായി വെള്ലവും ടാങ്കും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ജലനിധിക്ക് ഇല്ലെന്നകാര്യം നാട്ടുകാർക്കൊപ്പം അധികൃതർക്കും ബോദ്ധ്യമായത്. അതോടെ പ്രതിസന്ധിയിലായ സംഘാടകർ വാട്ടർ അതോറിട്ടിയുടെ വെള്ളം വിലയ്ക്കുവാങ്ങി കൂടിയ വിലയ്ക്ക് വിതരണം ചെയ്യാൻ തീരുമാനിച്ചു. ഇതിനെതിരെ ജനരോക്ഷം ശക്തമായപ്പോൾ വാട്ടർ അതോറിട്ടിയും ജലനിധിയും ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. എന്നാൽ അടുത്തിടെ തിരുവനന്തപുരത്ത് ജലവിഭവവകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ജലനിധി ഭാരവാഹികളും വാട്ടർ അതോറിട്ടി ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ അയ്മനം പഞ്ചായത്തിൽ നിന്ന് വാട്ടർ അതോറിട്ടി പൂർണമായും പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. ഈ മാസം 16ന് ചേർന്ന പഞ്ചായത്ത് ഭരണസമിതി വാട്ടർ അതോറിട്ടിയെ അയ്മനത്തുനിന്ന് ഒഴിവാക്കാനും തീരുമാനിച്ചു. ഇതിനെതിരെ അയ്മനം ഗ്രാമപഞ്ചായത്ത് വാട്ടർ അതോറിട്ടി ഉപഭോക്തൃ സംരക്ഷണസമിതി എന്നപേരിൽ ജനങ്ങൾ സംഘടിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
ഗ്രാമപഞ്ചായത്ത് വാട്ടർ അതോറിട്ടിക്ക് കൈമാറിയ ലക്ഷങ്ങൾ വിലയുള്ള 10 സെന്റ് സ്ഥലവും അവിടെ വാട്ടർ അതോറിട്ടി നിർമ്മിച്ച 3 കോടിരൂപയുടെ ടാങ്കും ജലനിധിക്ക് കൈമാറും.
ജനങ്ങളുടെ ആശങ്ക
പ്രതിമാസം 40 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കുടിവെള്ളത്തിന് ഇനിമുതൽ 80 രൂപ നൽകേണ്ടിവരും
പൈപ്പ് അറ്റക്കുറ്റപ്പണികൾക്കും അധിക ചാർജ് ഈടാക്കും
അയ്മനം ഉൾപ്പെടെ 7 വില്ലേജുകൾക്കുവേണ്ടി 50 കോടിരൂപ ചെലവഴിച്ച് പൂർത്തിയാക്കുന്ന പട്ടരുമഠം പദ്ധതിയിൽ നിന്ന് അയ്മനം ഒഴിവാകും.
കുറഞ്ഞചെലവിൽ കുടിവെള്ളം ലഭിക്കാനുള്ള ജനങ്ങളുടെ അവകാശം ഇല്ലാതാകും.
അയ്മനം പഞ്ചായത്തിലെ കുടിവെള്ള വിതരണം ജലനിധിയ്ക്ക് കൈമാറുന്നതോടെ ഇരട്ടിവിലയും അധിക ബാദ്ധ്യതയും ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണ്. ഇത് സർക്കാരിന്റെയും പഞ്ചായത്ത് സമിതിയുടെയും ഭരണഘടനാപരമായ കർത്തവ്യത്തിന് വിരുദ്ധമാണ്. ജനന്മയ്ക്കും സുരക്ഷയ്ക്കും സുതാര്യയത്ക്കും ഭീഷണിയായ നടപടി പിൻവലിക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണം
- സതിഷ് കുമാർ മണലേൽ, ജനറൽ കൺവീനർ, അയ്മനം ഗ്രാമപഞ്ചായത്ത് വാട്ടർ അതോറിട്ടി ഉപഭോക്തൃ സംരക്ഷണസമിതി