theft

പൊൻകുന്നം: വീടിനുള്ളിൽ നിസ്‌കരിക്കുകയായിരുന്ന വീട്ടമ്മയുടെ കണ്ണിൽ മുളകുതേച്ച് ആക്രമണം. ഇവരും വീട്ടിലുള്ള മറ്റ് സ്ത്രീകളും ബഹളം വെച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടു. പൊൻകുന്നം കാവാലിമാക്കൽ പി.എ. ബഷീറിന്റെ ഭാര്യ സുബൈദ (62)നാണ് അക്രമത്തിൽ പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6.30 നായിരുന്നു സംഭവം. സുബൈദയും മകളും മകന്റെ ഭാര്യയും രണ്ടുമുറിയിലായി നമസ്‌കാരം നടത്തുന്നതിനിടെ പിന്നിലൂടെയെത്തിയ ആൾ മുഖത്തും കണ്ണിലുമായി മുളക് തേക്കുകയായിരുന്നു. പുരുഷന്മാരാരും വീട്ടിലുണ്ടായിരുന്നില്ല. സംഭവമറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സുബൈദയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് ശുശ്രൂഷ നൽകി വിട്ടയച്ചു. ചൊവ്വാഴ്ച സ്ത്രീകളുൾപ്പെടുന്ന ഇതരസംസ്ഥാനസംഘം പ്രദേശത്തെ ഏതാനും വീടുകളുടെയും പരിസരത്തിന്റെയും ചിത്രം മൊബൈലിൽ പകർത്തിയത് നാട്ടുകാർ പൊലീസിൽ അറിയിച്ചിരുന്നു. ഇതുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.