തിരുവനന്തപുരത്ത് എൻ.സി.പി ഇടതുമുന്നണി യോഗങ്ങൾക്കു ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനവും വാർത്താസമ്മേളനവും കഴിഞ്ഞ് രാത്രി വൈകി പാലായിലെ വീട്ടിലെത്തിയ മാണി സി. കാപ്പനെ പുലർച്ചെ പ്രവർത്തകർ അറിയിച്ചത് എട്ടുമരണ വാർത്തകളായിരുന്നു. മീനച്ചിൽ താലൂക്കിലും വിവിധ പഞ്ചായത്തുകളിലുമുള്ള മരണവീടുകളിൽ കയറുന്നിതിനിടെ പ്രമുഖരെ കണ്ട് വോട്ടുതേടൽ . ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയത്ത് ഇടതുമുന്നണി യോഗം. കാപ്പൻ തിരക്കിലാണ്.
കേരളകോൺഗ്രസിൽ സ്ഥാനാർത്ഥിത്തർക്കം തുടരുമ്പോൾ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ മികച്ച സ്റ്റാർട്ടിംഗ് ലഭിച്ച സന്തോഷത്തിൽ പാലാ നിയോജക മണ്ഡലമാകുന്ന കോർട്ടിൽ എതിരാളികൾക്കെതിരെ പ്രഹര ശേഷിയോടെ സ്മാഷ് ഉതിർത്ത് നാലാംസെറ്റിൽ വിജയിക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് മുൻ ഇന്ത്യൻ ഇന്റർനാഷണൽ വോളിബാൾ താരം കൂടിയായ മാണി സി. കാപ്പൻ.
ആത്മ വിശ്വാസം
മൂന്നുതവണയും എതിരാളി കെ.എം. മാണിയായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ മാണിയില്ല. അതുകൊണ്ട് നല്ല ആത്മവിശ്വാസമാണ്. മാണി കുടുംബത്തിൽ നിന്ന് ആര് എതിർസ്ഥാനാർത്ഥിയായാലും ഭയമില്ല. രാജ്യസഭാംഗമായ ജോസ് കെ . മാണി സ്ഥാനം രാജിവച്ചു വന്നാൽ വോട്ടർമാർ പരിഹസിക്കുകയേ ഉള്ളൂ. എം.പിയായ ശേഷം ജോസിനെ പാലായിൽ കണ്ടവർ എത്ര പേരുണ്ട്. ജോസിനെ കല്യാണം കഴിച്ച ശേഷമാണ് നിഷ പാലായിൽ വരുന്നത്. പൊതുരംഗത്ത് അവർക്ക് എന്തു പാരമ്പര്യമുണ്ട്. ഞാനെന്നും പാലായിലുണ്ട് . 54 വർഷമായി കെ.എം.മാണിയെ മാത്രം വിജയിപ്പിച്ച പാലായിൽ എൽ.ഡി.എഫ് ഇക്കുറി ചരിത്ര വിജയം രചിക്കും. സെപ്തംബർ നാലിന് ഇടതുമുന്നണി കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സി.പി.എം അടക്കം എല്ലാ ഘടകകക്ഷികളുടെയും പൂർണ പിന്തുണയുമുണ്ട്.
തുടർച്ചയായ മൂന്ന് തോൽവിക്കു ശേഷം പാർട്ടിയിൽ ചിലരുടെ എതിർപ്പിനിടയിൽ നാലാമതും സീറ്റ് ലഭിച്ചതെങ്ങനെ?
മൂന്നു തിരഞ്ഞെടുപ്പിൽ കെ.എം.മാണിയോട് തോറ്റെങ്കിലും ഓരോ തിരഞ്ഞെടുപ്പിലും മാണിയുടെ ഭൂരിപക്ഷം കുറയ്ക്കാനായി. 2006ൽ ആദ്യം മത്സരിച്ചപ്പോൾ മാണിയുടെ ലീഡ് 22301ൽ നിന്ന് 7590 ആക്കി കുറച്ചു . 2011ൽ 5259 ആക്കി. 2016ൽ 4703 ആക്കി മാണിയെ ഞെട്ടിച്ചു. അതുകൊണ്ടാകാം മാണിയുടെ മരണശേഷം വന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയും ഇടതു മുന്നണിയും എനിക്കു പിന്തുണ നൽകിയത്.
മാണി സഹതാപതരംഗം 2019ൽ ലോക് സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായപ്പോൾ തോമസ് ചാഴികാടന് പാലായിൽ 33472 വോട്ടുകളുടെ വൻ ഭൂരിപക്ഷം കിട്ടി. ഈ തിരഞ്ഞെടുപ്പിലും മാണി സഹതാപതരംഗമുണ്ടാകില്ലേ?
മൂന്നുതവണത്തെ തോൽവിക്കു ശേഷം നാലാമതും മത്സരിക്കുന്ന എനിക്കല്ലേ ഈ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ സഹതാപതരംഗം ലഭിക്കേണ്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിവിരുദ്ധ വികാരവും രാഹുൽഗാന്ധി പ്രധാനമന്ത്രിയായേക്കുമെന്ന വിശ്വാസവും വോട്ടർമാരിൽ പൊതുവേയുണ്ടായി. മാണി സഹതാപവും പാലായിൽ ഉണ്ടായിട്ടുണ്ട്. അന്നത്തെ യു.ഡി.എഫ് ഭൂരിപക്ഷം ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുന്നത് ശരിയായ വിലയിരുത്തലാകില്ല. രാഷ്ട്രീയരംഗം മാറി. കേരളകോൺഗ്രസിലെ തമ്മിലടി അന്നില്ലായിരുന്നു. ഇന്ന് അതും ഘടകമല്ലേ?
ശബരിമല ഇപ്പോഴും കത്തിനിൽക്കുകയല്ലേ
പാലായിലെ വോട്ടർമാർ പ്രത്യേക തരക്കാരാണ് . അത്തരം വിഷയമൊന്നും സ്വാധീനിക്കുമെന്നു കരുതുന്നില്ല. ഇടതുമുന്നണി നിലപാട് വ്യക്തമാക്കിയതോടെ വിശ്വാസി സമൂഹം ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ .
എൻ.സി.പിയിലെ ഭിന്നത പ്രശ്നമാകുമോ?
എൻ.സി.പിയിൽ ഒരു ഭിന്നതയുമില്ല . പല കാരണങ്ങളാൽ പാർട്ടിയിൽ നിന്ന് പുറത്തുപോയ ഒന്നോ രണ്ടോ ആളുകൾ മാത്രമാണ് എന്റെ സ്ഥാനാർത്ഥിത്വം ചോദ്യം ചെയ്തത്. അവർ ഉന്നയിച്ച ആരോപണങ്ങളും പഴകിയ ആരോപണങ്ങളാണ്. അതൊന്നും വിലപ്പോവില്ല. പണ്ട് ആർക്കും വേണ്ടാത്ത സീറ്റായിരുന്നു . ജയിക്കാം എന്നായപ്പോഴാണ് പാലാ സീറ്റിനു വേണ്ടി പലരും അവകാശവാദം ഉന്നയിക്കുന്നത്. ബ്ലോക്ക് കമ്മിറ്റി മുതൽ സംസ്ഥാനതലം വരെ നിർദ്ദേശിക്കപ്പെട്ട എന്റെ പേരിന് ദേശീയ നേതൃത്വവും അംഗീകാരം നൽകി. സി.പി.എം ഈ സീറ്റ് ഏറ്റെടുക്കുമെന്നായിരുന്നു ഇടയ്ക്കുള്ള പ്രചാരണം. ഘടകകക്ഷി സീറ്റ് ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയതോടെ അത് കെട്ടടങ്ങി. പാലാക്കാർക്ക് എന്നെയും എന്റെ കുടുംബത്തെയും അറിയാം. കെ.എം.മാണിയെപ്പോലൊരു മഹാരഥന്റെ ഭൂരിപക്ഷം 5000ൽ താഴെ എത്തിച്ചത് വോട്ടർമാർ കാണിച്ച താത്പര്യം കൊണ്ടാണ് .
മാണി സി. കാപ്പൻ.
സ്വാതന്ത്ര്യ സമരസേനാനിയും എം.പിയും എം.എൽ.എയുമായിരുന്ന ചെറിയാൻ ജെ.കാപ്പന്റെ മകനാണ് 63 കാരനായ മാണി സി. കാപ്പൻ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മാടപ്പള്ളി ഗവ.കോളേജ് എന്നിവിടങ്ങളിൽ വിദ്യാർത്ഥിയായിരുന്നു. കാലിക്കറ്റ് സർവകലാശാലാ വോളീബാൾ ടീം ക്യാപ്ടനായിരുന്നു. പിന്നീട് ഇന്ത്യൻ താരമായി. 77ൽ വൈദ്യുതി ബോർഡ് വോളിബാൾ താരമായി. 78 ൽ യു.എ.ഇ അബുദാബി സ്പോർട്സ് ക്ലബിൽ ജിമ്മി ജോർജിനൊപ്പം പ്രവർത്തിച്ചു .82 വരെ കായികരംഗത്ത് സജീവമായിരുന്നു.
83ൽ 'മേലേപ്പറമ്പിൽ ആൺവീട് " എന്ന ഹിറ്റ് സിനിമയുടെ നിർമാതാവായി സിനിമാരംഗത്തെത്തി. 12 സിനിമകൾ നിർമിച്ചു. 'മാന്നാർ മത്തായി സ്പീക്കിംഗ് " സംവിധാനം ചെയ്തു. യുവതുർക്കിയെന്ന സിനിമയിൽ വില്ലൻ രാഷ്ടീയക്കാരനായി തിളങ്ങിയതിന് പുറമേ മലയാളം തമിഴ് തെലുങ്ക്, ആസാമീസ് ഭാഷകളിലായി 25 സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു.
2000മുതൽ 2005 വരെ പാലാ നഗരസഭാ കൗൺസിലറായിരുന്നു . ഇപ്പോൾ എൻ.സി.പി ദേശീയ കൊൺസിൽ അംഗവും സംസ്ഥാന ട്രഷററുമാണ് . മേഘാലയയിൽ കൃഷിയും വിപണനവും നടത്തി വരുന്നു. ചങ്ങനാശേരി പാലത്തുങ്കൽ ആലീസാണ് ഭാര്യ. മക്കൾ ചെറിയാൻ മാണി കാപ്പൻ ( എൻജിനീയർ കാനഡ) ടീന,ദീപ.