കോട്ടയം: ഓണക്കാലമായതോടെ തിരക്കിലാണ് സർക്കാർ വകുപ്പുകൾ. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുക, ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുക എന്നീ ലക്ഷ്യങ്ങളോടെ രണ്ട് ദിവസത്തിനുള്ളിൽ പരിശോധനയുമായി സജീവമാകും.
സിവിൽ സപ്ലൈസ്
പൊതുവിപണിയിൽ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും കരിഞ്ചന്ത, പൂഴ്ത്തി വയ്പ്, അമിത വില ഈടാക്കൽ എന്നിവ തടയാൻ സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ – താലൂക്ക്തല സ്‌ക്വാഡുകൾ പരിശോധന നടത്തും. റേഷൻ കടകളുടെ പ്രവർത്തനം ഉൾപ്പെടെ നിരീക്ഷിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ പറഞ്ഞു. പരാതികൾ അറിയിക്കാം-9188527319
ഭക്ഷ്യസുരക്ഷ
മായം കലർന്നതും ഗുണനിലവാരം ഇല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്തുന്നത് തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക ടീം രൂപീകരിച്ചിട്ടുണ്ട്. പാൽ, വെളിച്ചെണ്ണ, പപ്പടം, പായസം മിക്‌സ്, നെയ്യ്, ശർക്കര, പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയവയുടെ സാംപിളുകൾ പരിശോധിക്കും. ബേക്കറികൾ, ഹോട്ടലുകൾ, തട്ടുകടകൾ, ബോർമ തുടങ്ങി ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിൽ ഉൾപ്പെടെ പരിശോധനയുണ്ടാകും. പരാതികൾ അറിയിക്കാം : 8943346541
ക്ഷീര വികസനം
ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ ചെക്ക് പോസ്റ്റുകളിലും ജില്ലാ ആതിർത്തികളിലും സെപ്തംബർ 5 മുതൽ 10 വരെ പ്രത്യേക പരിശോധന നടത്തും. സമീപ ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. പാലിലെ കൊഴുപ്പ്, കൊഴുപ്പിതര ഖര പദാർത്ഥങ്ങൾ, വിവിധ തരത്തിലുള്ള മായം, പ്രിസർവേറ്റീവുകൾ, ന്യൂട്രലൈസറുകൾ തുടങ്ങിയവ പരിശോധിക്കും.
ലീഗൽ മെട്രോളജി
അളവ് തൂക്കവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തടയാൻ ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിലുടനീളം പരിശോധനകൾ നടത്തും. വില തിരുത്തുക, മായ്ക്കുക, അളവിൽ കുറച്ച് വിൽപന നടത്തുക, നിയമാനുസൃതമായ പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താത്ത പായ്ക്കറ്റുകൾ വിൽക്കുക, വിൽപനയ്ക്കായി പ്രദർശിപ്പിക്കുക, സൂക്ഷിക്കുക, അമിതവില ഈടാക്കുക, മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ലീഗൽ മെട്രോളജി വകുപ്പിനെ അറിയിക്കാം. ഫോൺ : ഫോൺ :8221698044
എക്‌സൈസ്
എക്‌സൈസിന്റെ സ്‌പെഷൽ ഡ്രൈവ് ജില്ലയിൽ തുടരുകയാണ്. ജില്ലയിലെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോട്ടയം എക്‌സൈസ് ഡിവിഷൻ ഓഫീസിൽ മുഴുവൻ സമയ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.
ഓണാഘോഷത്തോടനുബന്ധിച്ച് മദ്യം, മറ്റ് ലഹരിവസ്തുക്കൾ എന്നിവയുടെ കടത്ത്, ശേഖരണം, ഉപഭോഗം എന്നിവ തടയാൻ പൊതുജനങ്ങൾ, ജനപ്രതിനിധികൾ, കുടുംബശ്രീ യൂണിറ്റുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വനിതാ സംഘടനകൾ, ഇതര വകുപ്പുകൾ എന്നിവരുടെ സഹകരണം ആവശ്യമാണെന്ന് അധികൃതർ പറഞ്ഞു. ഫോൺ : 9447178057.