വൈക്കം : ഗുരുദേവ ജയന്തി ആഘോഷങ്ങൾക്കായി ക്ഷേത്ര നഗരി ഒരുങ്ങുന്നു.

ശ്രീനാരായണ ഗുരുദേവന്റെ 165-ാം മത് ജയന്തി വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് വൈക്കം യൂണിയൻ. യൂണിയനിലെ മുഴുവൻ ശാഖായോഗങ്ങളിൽ നിന്നുമായി ആയിരങ്ങൾ അണിനിരക്കുന്ന ചതയദിന റാലി, മഹാസമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ. ശ്രീനാരായണ ഗുരുവിന്റെ പാദ സ്പർശമേറ്റ മണ്ണിലാണ് സമ്മേളനം നടക്കുക. ഗുരുവിന്റെ ആശ്രമമായിരുന്ന വെല്ലൂർ മഠം വൈക്കം സത്യഗ്രഹത്തിന്റെ ക്യാബിനായി ഗുരു വിട്ടുകൊടുക്കുകയും എസ്. എൻ. ഡി .പി. യോഗം വൈക്കം യൂണിയൻ അവിടെ സത്യഗ്രഹ സ്മാരകമായി വിദ്യാലയം സ്ഥാപിക്കുകയുമായിരുന്നു. സ്കൂൾ അങ്കണത്തിൽ വൈകിട്ട് 4ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിന് പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. നിയമസഭ സ്പീക്കർ പി.രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി പി.തിലോത്തമൻ ചതയദിന സന്ദേശം നൽകും. സി.കെ.ആശ എം. എൽ. എ. മുഖ്യ പ്രഭാഷണം നടത്തും. വി.എൻ.വാസവൻ എക്സ് എം. എൽ. എ. സാമൂഹ്യക്ഷേമനിധി വിതരണവും കേരളാ പൊലീസ് ചീഫ് ലോകനാഥ് ബെഹ്റ പ്രതിഭകളെ ആദരിക്കലും കോട്ടയം അസി.കളക്ടർ ശിഖ സുരേന്ദ്രൻ മെറിറ്റ് അവാർഡ് വിതരണവും നിർവഹിക്കും. നഗരസഭ ചെയർമാൻ പി.ശശിധരൻപ്രസംഗിക്കും. യുണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് സമ്മാനദാനം നടത്തും. സെക്രട്ടറി എം.പി.സെൻ സ്വാഗതവും യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ് നന്ദിയും പറയും. യുണിയനിലെ 54 ശാഖായോഗങ്ങളിലെയും പ്രവർത്തകർ അണിനിരക്കുന്ന ചതയദിന റാലി ഉച്ചക്ക് 2ന് ആരംഭിക്കും. രാവിലെ 9ന് യൂത്ത് മൂവ്മെന്റ് യൂണിയന്റെ നേതൃത്വത്തിൽ ചതയദിന സന്ദേശ സൈക്കിൾ - മോട്ടോർ സൈക്കിൾ റാലി നടത്തും. യൂണിയനിലെ എല്ലാ ശാഖായോഗങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും പ്രത്യേകം പൂജകൾ നടക്കും.