c

പാലാ: ആരുണ്ട് ചോദിക്കാൻ...? ഞങ്ങൾ നടുറോഡിലോ ഫുട്പാത്തിലോ വാഹനങ്ങൾ പാർക്ക് ചെയ്യും. പാലാ പൊലീസ് ഞങ്ങളെ ഒന്നും ചെയ്യില്ല. ഈ ധാർഷ്ട്യത്തിന്റെ മുഖമാണ് പാലായിലെ ചില വാഹന ഉടമകൾക്ക്.
ഇന്നലെ നഗരഹൃദയത്തിൽ ടൗൺ ബസ് സ്റ്റാൻഡ് കവാടത്തിന് സമീപം ഫുട്പാത്തിൽ ഒന്നരമണിക്കൂറോളമാണ് ഒരു കാർ പാർക്ക് ചെയ്തിരുന്നത്. ഇവിടെയുള്ള ലോട്ടറികടയോട് തൊട്ടുരുമ്മി കാർ പാർക്ക് ചെയ്തിട്ട് യാത്രക്കാർ എവിടേയ്‌ക്കോ പോയി. കാർ അല്പം ഇറക്കി ഇടണമെന്ന് കടയിലെ ജീവനക്കാർ പറഞ്ഞെങ്കിലും കാറിൽവന്നവർ വകവച്ചില്ല. ഈ സമയത്ത് കനത്ത മഴയുമായിരുന്നു. വിദ്യാലയങ്ങളും വിട്ടു. നൂറുകണക്കിന് സ്‌കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇതുവഴി നടന്നെത്തി.
ഫുട്പാത്തിൽ വാഹനം കിടന്ന് ഗതാഗത തടസമായതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കാൻ തുടങ്ങി. ഇതോടെ ഈ ഭാഗത്ത് ഗതാഗത തടസവുമായി. വ്യാപാരികൾ ഉടൻ പാലാ പൊലീസിൽ വിവരമറിയിച്ചെങ്കിലും പൊലീസ് സ്ഥലത്തെത്തിയില്ല. പൊലീസ് സ്ഥലത്ത് എത്താതായതോടെ യാത്രക്കാരും വ്യാപാരികളും പാലാ ഡിവൈ.എസ്.പി. ഷാജി മോൻ ജോസഫിനെ വിളിച്ച് പരാതിപ്പെട്ടു. അഞ്ച് മിനിട്ടിനുള്ളിൽ ട്രാഫിക് എസ്.ഐ. സോജനും സംഘവും സ്ഥലത്തെത്തുകയും കാറിന്റെ നമ്പർ എഴുതിയെടുക്കുകയും ചെയ്തു.
പാലായിൽ ഫുട്പാത്തിൽ വാഹനങ്ങൾ ദീർഘനേരം പാർക്ക് ചെയ്യുന്നത് ഇപ്പോൾ പതിവായതായി പരാതിയുണ്ട്. കുരിശുപള്ളി ജംഗ്ഷൻ മുതൽ സ്റ്റേഡിയം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് പലയിടങ്ങളിലും ഫുട്പാത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുള്ളത് കാണാം. മുമ്പൊക്കെ പാലാ ട്രാഫിക് പൊലീസ് ഇത്തരം നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ചിരുന്നു. എന്നാൽ പിന്നീട് ഇത്തരം നടപടികളിൽ നിന്നും പൊലീസ് പതിയെ പിൻവാങ്ങിയതാണ് വീണ്ടും ഫുട്പാത്തിലെ പാർക്കിംഗ് വർദ്ധിക്കാൻ കാരണം.

 ഫുട്പാത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ കർശന നടപടി ഡിവൈ.എസ്.പി

പാലാ: നഗരത്തിൽ മേലിൽ ഫുട്പാത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പാലാ ഡിവൈ.എസ്.പി. ഷാജിമോൻ ജോസഫ് പറഞ്ഞു. ഇന്നലെ ടൗൺ ബസ് സ്റ്റാൻഡ് കവാടത്തിന് സമീപം ഉണ്ടായ നിയമലംഘനത്തിന് കേസെടുത്തിട്ടുണ്ട്. യഥാസമയം ട്രാഫിക് പൊലീസ് സ്ഥലത്ത് എത്തിയില്ലെന്ന ആക്ഷേപത്തെക്കുറിച്ച് അന്വേഷിക്കും.

വിവരം അറിയിക്കാം

ഫുട്പാത്തിലെ പാർക്കിംഗ് പോലെയുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പാലാ പൊലീസിൽ ആർക്കും വിവരമറിയിക്കാം. ഫോൺ: 04822 212334. യഥാസമയം പൊലീസ് സ്ഥലത്തെത്തിയില്ലെങ്കിൽ ഇക്കാര്യം തന്റെ ശ്രദ്ധയിൽപെടുത്താമെന്നും ഡിവൈ.എസ്.പി. പറഞ്ഞു. നമ്പർ 9497990051.

 പിഴ ഈടാക്കി

ടൗൺ ബസ് സ്റ്റാൻഡ് കവാടത്തിനു സമീപം ഫുട്പാത്തിൽ വാഹനം പാർക്കു ചെയ്ത സംഭവത്തിൽ കാറുടമയായ പൂവരണി സ്വദേശിയായ ജോർജ് ജോസഫിൽ നിന്നും 500 രൂപാ പിഴ ഈടാക്കിയതായി പാലാ ട്രാഫിക്ക് എസ്.ഐ. സോജൻ പറഞ്ഞു. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ പരിശോധന നടത്തുമെന്നും എസ്. ഐ. അറിയിച്ചു.